മുംബൈ: കന്നുകാലി കശാപ്പ് നിരോധനത്തില്‍ രാജ്യം പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഒരു മാംസഭുക്കാണെന്നും ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്നും ചൂണ്ടിക്കാണിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് വെങ്കയ്യാ നായിഡു രംഗത്ത് വന്നു.
ബിജെപി എല്ലാവരേയും സസ്യഭുക്കാക്കുവാനാണ് നടക്കുന്നത് എന്ന് ആരോപണമുണ്ട്. എന്നാല്‍ ചില മതിഭ്രമമുള്ളയാളുകളാണ് അത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് എന്താണ് കഴിക്കേണ്ടതെന്ന് തിരഞ്ഞെടുക്കേണ്ടത് അവര്‍തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ആന്ധ്രപ്രദേശില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താന്‍. മാംസഭുക്കായിരുന്നിട്ടും താന്‍ പാര്‍ട്ടി അധ്യക്ഷനായി. അപവാദ പ്രചരണങ്ങള്‍ക്ക് മറുപടിയാണിതെന്നും അദ്ദേഹം എടുത്തു കാണിക്കുന്നു. കേന്ദ്രനയം ആരുടേയും ഭക്ഷണം നിയന്ത്രിക്കുന്നതിനല്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുവാനാണെന്നും അദ്ദേഹം പറഞ്ഞു.





