
പ്രീഡിഗ്രിക്കാലത്ത് നന്നായി ഒരുങ്ങിയിട്ടാണ് കോളജിലേക്ക് പോകുന്നത്. മുടി പിന്നിയിട്ട് ചെമ്പകപ്പൂ വച്ച് നൈലോണ്‍ പാവാടയുമിട്ട് തൃശൂര്‍ കേരളവര്‍മ്മ കോളജിന്റെ പടി കടക്കുമ്പോള്‍ ഇടംകണ്ണുകൊണ്ട് തിരിഞ്ഞുനോക്കും. ആണ്പിള്ളേര് ആരെങ്കിലും പിന്നാലെയുണ്ടോ? ഉണ്ടെങ്കില്‍ ഗമ കൂടും.
സുന്ദരിമാരായ മൂന്നു കൂട്ടുകാരികള്‍ എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലാണ് മത്സരം. കോളജിലായാലും കുടുംബത്തിലായാലും എല്ലാവരും എപ്പോഴും പറയുന്ന ഒരുകാര്യമുണ്ട്-ഊര്‍മിളയെ കാണാന്‍ നല്ല ഭംഗീണ്ട് ട്ടോ. അത് കേട്ട് സ്വയം അഭിമാനിച്ച കാലം.
വിവാഹം കഴിഞ്ഞതോടെ ഞാന്‍ 'മാറാട്ട'ത്തിലൂടെ സിനിമയിലെത്തി. രണ്ടാമത്തെ പടമായിരുന്നു ഹരിഹരന്റെ 'സര്‍ഗം'. കോവിലകത്തെ സുഭദ്രത്തമ്പുരാട്ടിയുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷിച്ചു.
പക്ഷേ പിന്നീടാണ് മനസ്സിലായത്, നര കയറിയ, രോഗം വന്ന് കിടപ്പിലായ തമ്പുരാട്ടിയായാണ് അഭിനയിക്കേണ്ടത്. അതും നായകന്റെ അമ്മവേഷം.
ഇരുപത്തിയെട്ടുവയസ്സുള്ള ഞാനാണ് എന്നേക്കാള്‍ അഞ്ചോ എട്ടോ വയസ് അധികമുള്ള മനോജ്.കെ.ജയന്റെ അമ്മയാവേണ്ടത്. അന്നും ഇന്നും ഇടയ്ക്കിടയ്ക്ക് കണ്ണാടി നോക്കുന്ന ശീലം എനിക്കില്ല. അതുകൊണ്ടുതന്നെ അമ്മ വേഷത്തിന്റെ തീവ്രത ഷൂട്ടിംഗ് സമയത്ത് അറിഞ്ഞതേയില്ല.
അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തത്. ലൊക്കേഷനിലേക്ക് ചില ദിവസങ്ങളില്‍ സിനിമാമാസികകളില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും വരും. അവരെല്ലാവരും മനോജിന്റെയും വിനീതിന്റെയും രംഭയുടെയും കൂടെയാണ്.
എന്നെ ആരും മൈന്‍ഡ് ചെയ്യുന്നേയില്ല. എനിക്കത് വല്ലാത്ത വിഷമമുണ്ടാക്കി. ചില ദിവസങ്ങളില്‍ ഇതോര്‍ത്ത് പൊട്ടിക്കരഞ്ഞിട്ടുപോലുമുണ്ട്. ഒന്നിച്ച് അഭിനയിക്കുന്ന രേണുകയെ വരെ ഫോട്ടോഷൂട്ടിന് കൊണ്ടുപോയിട്ടും എന്നെ വിളിച്ചില്ല.
'സര്‍ഗം' പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. കോഴിക്കോട്ടും തൃശൂരും നൂറും നൂറ്റമ്പതും ദിവസം ഓടി. സുഭദ്രത്തമ്പുരാട്ടി ഒരുപാട് അഭിനന്ദനങ്ങള്‍ കൊണ്ടുവന്നു, എനിക്ക്.
കോളജ് കാലം മുതല്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാറുണ്ട്. സിനിമയിലെത്തിയാല്‍ പ്രോഗ്രാമുകള്‍ കൂടുമെന്നായിരുന്നു വിശ്വാസം. പക്ഷേ 'സര്‍ഗം' റിലീസായതോടെ ഡാന്‍സിന് എന്നെയാരും വിളിക്കാതായി.
ഗള്‍ഫിലുള്ള ഇരുപതോളം സ്റ്റേജുകള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ഡാന്‍സിന് ഊര്മിളാഉണ്ണിയുണ്ട് എന്നു പറയുമ്പോള്‍ത്തന്നെ ഓ അറുപത് കഴിഞ്ഞ ആ തള്ളയല്ലേ...അവര്‍ വേണ്ടെന്നായിരുന്നു പലരുടെയും മറുപടി. എന്നെ അറിയുന്ന തൃശൂരിലുള്ള ആളുകള്‍ മാത്രമാണ് ഡാന്‍സിന് വിളിച്ചത്.
മാത്രമല്ല, പിന്നീട് സിനിമയില്‍ കിട്ടിയതെല്ലാം അമ്മ റോളുകളായിരുന്നു. നര്‍ത്തകിയായി അറിയപ്പെടണമെന്നുള്ള എന്റെ മോഹത്തെയാണ് സുഭദ്രത്തമ്പുരാട്ടി കശക്കിയെറിഞ്ഞത്.
'സര്‍ഗം' റിലീസ് ചെയ്ത് എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. ഇനിയൊരിക്കലും ഡാന്‍സ് ചെയ്യില്ല. അങ്ങനെ പതുക്കെപ്പതുക്കെ അഭിനയത്തിലേക്ക് ചുരുങ്ങി.
പക്ഷേ അപ്പോഴും ദൈവം മറ്റൊരു സന്തോഷം തന്നു. എനിക്ക് കഴിയാത്തത് മകള്‍ ഉത്തരയിലൂടെ തിരിച്ചുതന്നു. ഭരതനാട്യത്തില്‍ അവള് ഡിഗ്രിയെടുത്തു. പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായി. ഡാന്‍സിന് ദേശീയ അവാര്‍ഡ് വരെ വാങ്ങിച്ചു.
വലിയ വലിയ വേദികളില്‍ ഉത്തരയുടെ ഡാന്‍സ് ആസ്വദിക്കുമ്പോഴാണ് എന്നിലെ നര്‍ത്തകി ഓര്മ്മവിട്ടുണരുന്നത്. അപ്പോള്‍ വല്ലാത്തൊരു സങ്കടം എന്നെ വന്ന് പൊതിയും. പ്രോഗ്രാം കഴിഞ്ഞ് അവള് അടുത്തേക്കുവരുമ്പോഴാണ് ആ വിഷമം മാറുന്നത്.






