
കൊച്ചി: പുറങ്കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാനമ ചരക്കു കപ്പല്‍ അംബര്‍ എല്‍ ലെ പരിശോധനകള്‍ പൂര്‍ത്തിയായി. സംയുക്ത പരിശോധന സംഘം കപ്പലില്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് പൂര്‍ത്തിയായത്. കപ്പലിന്റെ വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന നടത്തും. കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബോട്ടില്‍ നിന്നും കാണാതായ അസം സ്വദേശിക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും.
അപകടമുണ്ടാക്കിയത് പാനമ കപ്പല്‍ തന്നെയാണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കപ്പല്‍ 14 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് കയറിയെന്നതും തെളിയിക്കേണ്ടതുണ്ട്. അപകടം ഉണ്ടാകുന്ന സമയത്ത് ഏഴിലധികം കപ്പലുകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ ആംബര്‍ എല്‍ ആണ് അപകടമുണ്ടാക്കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. കപ്പലില്‍ നിന്നുള്ള തെളിവുകള്‍ ഇതിനായി ഉപയോഗിക്കും. കപ്പലിന്റെ യാത്രയുടെ വിവരങ്ങള്‍ സഞ്ചാരപഥം കപ്പലിലെ ആള്‍ക്കാരുടെ സംഭാഷണം എന്നിവയെല്ലാം വോയേജ് ഡേറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
കപ്പലിലെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 11 ലെ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒഫീഷ്യല്‍ ലോഗ്ബുക്ക്, നൈറ്റ് ഓര്‍ഡര്‍ബുക്ക്, ബെല്‍ബുക്ക്, ജിപിഎസ് ചാര്‍ജ്ജ്, ജിപിഎസ് ലോഗ്ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവ എത്രയും വേഗം പിടിച്ചെടുക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കപ്പലിടിച്ച് കാര്‍മല്‍മാതാ എന്ന കപ്പലായിരുന്നു തകര്‍ന്നത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവര്‍ ആശുപത്രിയിലാണ്.






