
തിരുവനന്തപുരം: വിരമിക്കാന്‍ 15 ദിവസം മാത്രം ശേഷിക്കെ, പോലീസ് ആസ്ഥാനത്തെ ടി (ടോപ്പ് സീക്രട്ട്) സെക്ഷനിലടക്കം ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ പിടിമുറുക്കുന്നു. എല്ലാ രഹസ്യ ഫയലുകളും മേലില്‍ തന്നെ കാണിച്ചിരിക്കണമെന്ന് അദ്ദേഹം സെക്ഷന്‍ മേധാവികള്‍ക്കു കര്‍ശന നിര്‍ദേശം നല്കി. സുപ്രീം കോടതി ഉത്തരവോടെ പോലീസ് സേനയുടെ തലപ്പത്തു തിരിച്ചെത്തിയ സെന്‍കുമാറിനെ അതീവ രഹസ്യസ്വഭാവമുള്ള ടി സെക്ഷനില്‍ നിന്നു സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു.
സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനുശേഷം പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിനു താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ കുത്തിനിറയ്ക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.
ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായുള്ള ടോമിന് ജെ. തച്ചങ്കരിയുടെ നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ വിമര്‍ശനവുമുണ്ടായി. പല ഫയലുകളും താന്‍ കാണാതെ പോകുന്നുണ്ടെന്നു വ്യക്തമായതോടെ താന്‍ നേരിട്ടെത്തി ടി സെക്ഷനില്‍ പരിശോധന നടത്തുമെന്ന് പോലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷന്‍ മേധാവികളെയും രഹസ്യ കുറിപ്പിലൂടെ സെന്‍കുമാര്‍ അറിയിച്ചിരിക്കുകയാണ്. ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നു വ്യക്തമാക്കുന്ന കുറിപ്പില്‍, സംശയം തോന്നുന്ന ഫയലുകള്‍ പിടിച്ചെടുക്കുമെന്ന സൂചനയുമുണ്ട്.
തീര്‍പ്പാക്കിയ ഫയലുകളുടേത് അടക്കമുള്ള പട്ടിക പെട്ടെന്നു തയാറാക്കി നല്കാന് ടി സെക്ഷനിലെ ക്ലര്‍ക്കുമാര്‍ക്കു നിര്‍ദേശം നല്കി. ചില സെക്ഷനുകളില്‍ കമ്പ്യൂട്ടറിലൂടെയല്ലാതെ നടക്കുന്ന ഫയല്‍ നീക്കത്തിന്റെ കാരണവും ചോദിച്ചു.
പരാതികളും അച്ചടക്കനടപടികളും സംബന്ധിച്ച ഫയലുകള്‍ പോലീസ് ആസ്ഥാനത്ത് കുമിഞ്ഞുകൂടുകയാണെന്നു ചൂണ്ടിക്കാട്ടിയ ഡി.ജി.പി, കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളിലും ഒരു മാസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ മാസം ചെയ്യേണ്ട ജോലിയുടെ പട്ടിക തയാറാക്കി അഞ്ചു ദിവസത്തിനകം അറിയിക്കാനും നിര്‍ദേശിച്ചു.
രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനില്‍നിന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്കുന്നതു സംബന്ധിച്ച് വിവാദം തുടരുകയാണ്. രാജ്യസുരക്ഷയുമായോ അതീവ രഹസ്യങ്ങളുമായോ ബന്ധപ്പെട്ടത് ഒഴികെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പിയായുള്ള തിരിച്ചുവരവില്‍ സെന്‍കുമാര്‍ നല്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റിയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് കോ-ഓര്‍ഡിനേറ്ററായി ഐ.ജി: പി. വിജയനെ നിയമിച്ചും അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കാര്‍ റദ്ദാക്കി.
ഫയല്‍ നീക്കത്തിനുള്ള സോഫ്റ്റ്വേറായ ഐആപ്പിലൂടെയല്ലാതെ ഒരു ഫയലും നീങ്ങാന്‍ പാടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ കൃത്യമായി രജിസ്റ്റര്‍ തയാറാക്കി ഫയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. രഹസ്യമെന്നു വിശേഷിപ്പിച്ചിട്ടുള്ള എല്ലാ ഫയലുകളും താന്‍ കണ്ടിരിക്കണം. ഐആപ്പില് പെടുത്തുന്നില്ലെങ്കില്‍ അതിനുള്ള കാരണം അറിയിക്കണം. ചില സെക്ഷനുകളെ ഐ ആപ്പില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ച ഡി.ജി.പി, ചില സെക്ഷനുകളില്‍ രജിസ്റ്ററും ഐആപ്പും ഒരുമിച്ച ഉപയോഗിക്കുന്നതിന്റെ കാരണവും
ആരാഞ്ഞു. ക്ലര്‍ക്കുമാരുടെ പക്കലുള്ള ഫയലുകളുടെ പട്ടിക വാങ്ങാനാണ് സ്റ്റാഫ് ഓഫീസര്‍മാര്‍ക്കും മാനേജര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചില സീറ്റുകളില്‍ ഇരുനൂറിലേറെ ഫയലുകളാണു കെട്ടിക്കിടക്കുന്നത്. ഈ സീറ്റുകളുടെ പട്ടികയും തയാറാക്കണം. ക്ലര്‍ക്കുമാര്‍ സീറ്റ് മാറുമ്പോള്‍ തീര്‍പ്പാക്കിയ ഫയലുകളുടെയും ബാക്കിയുള്ള ഫയലുകളുടെയും വിശദാംശങ്ങള്‍ മേലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണം.
കാണാതായ ഫയലുകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ പ്രാധാന്യമനുസരിച്ച് മുന്‍ഗണന നിശ്ചയിച്ച് തീരുമാനമെടുക്കണം. ക്ലര്‍ക്കും മേലുദ്യോഗസ്ഥന്മാരും ആഴ്ചയിലൊരിക്കലെങ്കിലും ഒന്നിച്ചിരുന്ന് പഴയ ഫയലുകളുടെ കാര്യം തീരുമാനിക്കണം. ആറു മാസത്തിനപ്പുറം ഒരു ഫയലും പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കാന്‍ പാടില്ല. അതിനപ്പുറം നീളുന്നത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയുടെയും അലസതയുടെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗണ്‍മാനെ മടക്കിവിടാന്‍ സെന്‍കുമാറിനു വീണ്ടും നിര്‍ദേശം
തിരുവനന്തപുരം: ഗണ്‍മാനെ അടിയന്തരമായി മടക്കിയയച്ച് ഉത്തരവ് നടപ്പാക്കാന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനു സര്‍ക്കാര്‍ നിര്‍ദേശം നല്കി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസാണ് സര്‍ക്കാര്‍ നിര്‍ദേശം സെന്‍കുമാറിനു കൈമാറിയത്.
സെന്‍കുമാറിന്റെ ഗണ്‍മാനും ഗ്രേഡ് അസി. സബ് ഇന്‍സ്പെക്ടറുമായ അനില്‍കുമാറിനെ എ.ആര്. ക്യാമ്പിലേക്ക് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ മാറ്റിനിയമിച്ചിരുന്നു. പോലീസ് ആസ്ഥാനത്തെ ടി സെക്ഷനില്‍ കടന്ന് ചില ഫയലുകളുടെ പകര്‍പ്പ് എടുെത്തന്ന ആക്ഷേപം ഉയര്ന്നതിനെതുടര്ന്നായിരുന്നു സ്ഥലംമാറ്റം. ഇതിനെ ചോദ്യം ചെയ്ത് ഡി.ജി.പി: സെന്‍കുമാര്‍ ഗണ്‍മാനെ മാറ്റിയതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കാരണം ആരാഞ്ഞിരുന്നു. അതുവരെ അനില്‍കുമാറിനെ മടക്കി അയയ്ക്കില്ലെന്ന് നിലപാട് എടുക്കുകയും ചെയ്തു.
സെന്‍കുമാറിന്റെ കത്തും അനില്‍കുമാറിന്റെ അപേക്ഷയും വിശദമായി പരിശോധിച്ച സുബ്രതോ ബിശ്വാസ്, സര്‍ക്കാര്‍ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അനില്‍കുമാര്‍ പതിനഞ്ചുവര്‍ഷം തികയ്ക്കുകയും ചെയ്തതിനാലാണ് മാറ്റമെന്ന സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത തേടിക്കൊണ്ടുള്ള സെന്‍കുമാറിന്റെ കത്ത് ആഭ്യന്തരവകുപ്പ് മടക്കുകയും ചെയ്തു.






