
ദീര്‍ഘ നാള് അവധി എടുക്കേണ്ടി വരുന്നതിനെത്തുടര്‍ന്ന് സെം ഔട്ടായി പെണ്‍കുട്ടികളുടെ പഠനം മുടങ്ങുന്നത് തടയാന്‍ ഹരിയാന ഗവണ്മെന്റ് പുതിയ നിയമം പാസ്സാക്കി. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് 45 ദിവസം പ്രസവാവധിക്കായി അംഗീകരിക്കും. ഡിഗ്രി പഠനകാലത്ത് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഈ സാഹചര്യത്തില്‍ പഠനം പൂര്‍ത്തിയാക്കാതെ പലരും പിന്‍വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നിയമം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു.
45 ദിവസം അവധിയുണ്ടെങ്കിലും പ്രധാന പരീക്ഷകള്‍ക്ക് ഇത് ബാധകമല്ലെന്നും, പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്തിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ്മ പറഞ്ഞു. 45 ദിവസം അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ സെം ഔട്ട് ആക്കില്ല. പെണ്‍കുട്ടികള്‍ക്ക് സെമസ്റ്റര്‍ എക്സാം എഴുതാന്‍ സാധിച്ചില്ലെങ്കില്‍ സാധാരണ നിലയില്‍ അത് എഴുതിയെടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനായി റീ-അഡ്മിഷന് ഫീസുകള്‍ ഈടാക്കുന്നതല്ലെന്നും അറിയിച്ചു.






