
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള ഡയമണ്ട് ട്രോഫി. അല്ലാന സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് അവാര്‍ഡ് ലഭിച്ചത്. കശാപ്പിനായി കന്നുകാലി വില്‍പ്പന നടത്തുന്നത് നിരാധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വിവാദമായതിന് പിന്നാലെയാണ് മികച്ച മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചര്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഡയമണ്ട് ട്രോഫിയാണ് അല്ലാനയ്ക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കമ്പനിയുടെ മികച്ച പ്രകടനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് എപിഇഡിഎ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
10000 കോടിയുടെ ബീഫ് കഴിഞ്ഞ രണ്ടു വര്‍ഷവും കമ്പനി കയറ്റുമതി ചെയ്തെന്ന് അല്ലാന ഡയറക്ടര്‍ ഫുസാന്‍ അലാവി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ മൂന്നിലൊന്നും അല്ലാനയാണ് കയറ്റുമതി ചെയ്യുന്നത്.






