
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേരിട്ട തോല്‍വിയെ സഹിഷ്ണുതയോടെ നേരിടാന്‍ ആരാധകര്‍ ശീലിച്ചു കഴിഞ്ഞു. പഴയ രീതിയില്‍ താരങ്ങളെ അനിയന്ത്രിതമായി കുറ്റപ്പെടുത്താനോ ചീത്ത വിളിക്കാനോ ആരാധര്‍ ശ്രമിക്കുന്നില്ല. കാരണം സ്പോര്‍ട്സിനെ അതിന്റെ സ്പിരിറ്റില്‍ കാണാന്‍ കായിക പ്രേമികള്‍ക്കറിയാം. നായകന് വിരാട് കോഹ്ലി പറഞ്ഞതു പോലെ അന്ന് അവരുടെ ദിവസമായിരുന്നു, അവര്‍ നേടി.
ജയത്തിന് ശേഷം പാക്കിസ്ഥാന് ടീമിനെ അഭിനന്ദിച്ച് മടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെയുള്ള പാക്കിസ്ഥാന് ആരാധകന്റെ സംസാരമാണ് ഇപ്പോള്‍ വൈറല്‍. ഡ്രസ്സിങ് റൂമിലേയ്ക്ക് മടങ്ങുകയായിരുന്ന താരങ്ങള്‍ക്ക് നേരേ ഇയാള്‍ മോശമായി സംസാരിക്കുകയായിരുന്നു.
എല്ലാം പൊട്ടിതകര്ന്നല്ലേ എന്നായിരുന്നു വിരാട് കോഹ്ലി കടന്നു പോയപ്പോഴുള്ള ചോദ്യം. പിന്നീട് ഷമിയും രോഹിത് ശര്‍മയും കടന്നു പോയപ്പോള്‍ നിന്റെയൊക്കെ അച്ഛനാരാടാ എന്ന് ചോദിച്ചു. ഇതോടെ മുഹമ്മദ് ഷമി കലിപ്പിലായി. നടത്തം നിര്‍ത്തി ആരാധകന് നേരേ ദേഷ്യപ്പെട്ട് ചെന്നു. തൊട്ടു പുറകേ വന്ന ധോനി ഇടപ്പെട്ടത് കൊണ്ട് മാത്രം ആരാധകന് തല്ലു കൊള്ളാതെ രക്ഷപ്പെട്ടു. ഷമിയെ ചേര്‍ത്തു പിടിച്ച് ധോനി ഡ്രസിങ് റൂമിലേയ്ക്ക് നടന്നു.






