
കോഴിക്കോട്: നികുതി അടയ്ക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഗുരതരമായ വീഴ്ച സംഭവിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കര്ഷകന് ജോയിയുടെ ആവശ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അനാവശ്യ കാലതാമസം വരുത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടറെ ചുമതല പ്പെടുത്തിയിട്ടുണ്ടെന്നും ഇത് കൂടി കിട്ടിയ ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട്.
ജോയിയുടെ അപേക്ഷ പരിഗണിക്കുന്നതിലും ഇക്കാര്യത്തിലുള്ള സംശയ നിവാരണം നടത്തുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും കാലതാമസം വരുത്തി. കേസില്‍ വില്ലേജ് ഓഫസീറും വില്ലേജ് അസിസ്റ്റന്റും തുല്യ കുറ്റക്കാരാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടുകാരെ കണ്ടതിനും രേഖകള്‍ പരിശോധിച്ചതിനും ശേഷം ഡപ്യൂട്ടി കളക്ടറുടെ വിശദമായ അന്വേഷണത്തിന് ശേഷവുമായിരിക്കും പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് റവന്യൂ സെക്രട്ടറിയെയാണ്. ജോയിക്ക് നികുതിയടയ്ക്കല്‍ നിഷേധിക്കപ്പെട്ട വില്ലേജാഫീസിലെത്തി വീട്ടുകാര്‍ ഇന്ന് രാവിലെ നികുതിയടച്ചു. സഹോദരനെത്തിയാണ് നികുതിയടച്ചത്.
കളക്ടര്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും റവന്യൂ ഉദ്യോഗസ്ഥരെ പോലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വില്ലേജ് ഓഫീസ് വരാന്തയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ റവന്യൂ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രാഥമികാന്വേഷണം നടത്തി കിട്ടിയില്ലെന്നും ഇത് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കുമെന്നുമാണ് പറയുന്നത്. രണ്ടു ദിവസം മുമ്പ് ജോയി ഓഫീസര്‍മാര്‍ക്ക് നല്‍കിയെന്ന് വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും. ആത്മഹത്യാ കുറിപ്പു കണ്ടെത്താന്‍ കഴിഞ്ഞിട്ടിലെന്നും പോലീസ് പറയുന്നു.






