കുട്ടനാട്: സ്കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്ട്ടിന് സേവ്യറിനെയാണ് സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പ്രഭാത സവാരിക്കിടെ അപകടത്തില്‍ പെട്ടതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇദ്ദേഹം ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു.
പി.എച്ച്.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. വൈദികന് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്പോര്‍ട്ട് മുറിയില്‍ തന്നെ കണ്ടെത്തിയിരുന്നു
2013 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചശേഷം ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലായ് 15 നാണ് ഇദ്ദേഹം സ്കോര്ട്ലന്ഡിലേക്ക് പോയത്. വൈദികനെ എത്രയും വേഗം കണ്ടെത്തുന്നതിന് നടപടിയെടുക്കുവാന്‍ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും കത്തയച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.






