
ന്യൂഡല്‍ഹി: രാഷ്ട്രപതി എന്ന നിലയില്‍ പ്രണബ് മുഖര്‍ജി ഒരുക്കിയ അവസാനത്തെ ഇഫ്താര്‍ വിരുന്നിന് കേന്ദ്രമന്ത്രിമാര്‍ എത്തിയില്ല. പ്രണബിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നില്‍ ലോക്സഭാ സ്പീക്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്താര്‍ അബ്ബാസ് നഖ്വി അടക്കമുള്ള മന്ത്രിമാര്‍ എന്നിവര്‍ വിട്ടുനില്‍ക്കുകയായിരുന്നു.
ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മുഹ്സിന കിദ്വായി, ഇന്ത്യാ ഇസ്ലാമിക് സന്റെര്‍ മേധാവി സിറാജുദ്ദീന് ഖുറൈശി, നടന് അമീര്‍ റാസ, ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ലമന്റെറി കാര്യ കാബിനറ്റ് കമ്മിറ്റി യോഗം 6.30ന് വിളിച്ചതിനാലാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് നഖ്വി പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിമാരും മന്ത്രിമാരും രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുമായിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 'മാധ്യമ'ത്തോട് പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കേണ്ടതാണ്. എന്തുകൊണ്ട് വിട്ടുനിന്നുവെന്നത് സര്‍ക്കാറാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നഖ്വിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത സമാജ്വാദി പാര്‍ട്ടി രാജ്യസഭ എം.പി ജാവേദ് അലിഖാന് പറഞ്ഞു. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും കാബിനറ്റ് കമ്മിറ്റിയില്‍ അംഗമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ് ഇഫ്താര്‍ ചടങ്ങുകള്‍ നിര്‍ത്തിവെച്ചത്. ഇതുപോലെയുള്ള ആഘോഷങ്ങളോട് അവര്‍ക്ക് താല്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.






