
നോയിഡ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കന്നത് തടഞ്ഞ യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49ല്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. രണ്ടുമാസത്തിനുള്ളില്‍ ഇത്തരം രണ്ടാമത്തെ സംഭവമാണ് രാജ്യത്ത് ഉണ്ടാകുന്നത്.
ഗൗരവ് വസോയ (32) എന്ന അഭിഭാഷകനാണ് പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതില്‍ നിന്ന് ഒരാളെ തടഞ്ഞത്. ഇതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മദ്യപസംഘം ഗൗരവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് കുശാല്‍ പാല് സിംഗ് പോലീസിനോട് പറഞ്ഞു. ആള്‍ക്കൂട്ടം ചോദ്യം ചെയ്യതോടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച ഗൗരവിനെ അവര്‍ പിന്തുടര്ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ കയറിയും ആക്രമണം നടത്തിയതായി സിംഗ് പറയുന്നു.
കാറില്‍ എത്തിയ സംഘം കല്ലുകള്‍ വലിച്ചെറിയുകയും പ്ലാസ്റ്റിക് കസേര വച്ച് ഗൗരവിനെ അടിക്കുകയും ചെയ്തു. സംഭവത്തില്‍ സെക്ടര്‍ 49 പോലീസ് അഞ്ചു പേരെ പ്രതി ചേര്‍ത്ത് കേസെടുത്തതായി എസ്.പി അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. സിസിടിവ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് കൂടുതല്‍ വിശദാംശം തേടുകയാണെന്നും എസ്.പി അറിയിച്ചു.
ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ മേയ് 29ന് പരസ്യമായി മൂത്രമൊഴിച്ച രണ്ടു പേരെ തടഞ്ഞ യുവാവിനെ അടിച്ചുകൊന്നിരുന്നു.






