
ആറ്റിങ്ങല്‍: പൊള്ളലേറ്റ് കടത്തിണ്ണയില്‍ കിടന്ന യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിച്ചു. പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പിള്ളി രാജന്റെ മകന് ലാലു എന്ന സജിന്രാജാ(31)ണ് മരിച്ചത്. കാറില്‍ വരികയായിരുന്ന തന്നെ പിടിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചതായി യുവാവ് മെഡിക്കല്‍ കോളേജ് ജീവനക്കാരോട് പറഞ്ഞതായി വിവരമുണ്ട്.
ദേശീയപാതയിലെ മാമം പാലമൂട് ജംഗ്ഷനും മാമം പാലത്തിനും ഇടയില്‍ അകത്തേക്ക് ഏതാനും മീറ്റര്‍ മാറി ആളൊഴിഞ്ഞ ഒരു കടയുടെ തിണ്ണയില്‍ തലയൊഴികെ ശരീരം മുഴുവന്‍ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയില്‍ നഗ്നനായി അത്യസന്ന നിലയില്‍ കിടന്ന സജിനെ തൊട്ടടുത്ത കടയുടെ വാച്ച്മാനാണ് കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി യുവാവിനെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പ്രാണവെപ്രാളത്തില്‍ ഞരങ്ങുന്ന നിലയിലാണ് വാച്ച്മാന് കണ്ടെത്തിയത്.
വൈകിട്ട് മൂന്നരയോടെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. മരണം സംഭവിക്കുന്നതിന് മുമ്പ് കാറില്‍ നിന്നും പുറത്തിറക്കി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാകാം എന്നാണ് വിലയിരുത്തല്‍. ദേശീയപാതവഴി വാഹനം ഓടിച്ചു വരികയായിരുന്ന തന്നെ കാര്‍ തടഞ്ഞു പിടിച്ചിറക്കി പെട്രോള്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നെന്ന് സജിന്‍രാജ് പറഞ്ഞിരുന്നതായി വിവരമുണ്ട്.
യുവാവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിന് തൊട്ടടുത്തായി അടത്ത് ഒരു കുപ്പിയില്‍ പാതിയോളം പെട്രോളുമായി ഒരു ടാക്സി കാറും കിടന്നിരുന്നു. കാറിനുള്ളില്‍ ബി ആര് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്നെഴുതിയ വിസിറ്റിംഗ്് കാര്‍ഡ് , ഒറ്റപ്പാലം സ്വദേശി അച്ഛന്രാജന്, ലാലു 30, അമ്പിളി എന്നെ ചതിച്ചു എന്നും മണ്ണൂര്‍കാവ് ശിവക്ഷേത്രം, മൂന്ന് ലക്ഷം എന്നും എഴുതിയിരിക്കുന്നതും പോലീസ് കണ്ടെടുത്തു. അതേസമയം സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടില്ലെന്നും ആ സമയം വാഹനങ്ങളൊന്നും അതിലേ കടന്നുപോകുന്നത് കേട്ടില്ലെന്നും വാച്ച്മാന് പറഞ്ഞിട്ടുണ്ട്.
കരമന സ്വദേശിയുടെ കാര്‍ സജിന്‍രാജ് രണ്ടു മാസം മുമ്പ് വാടകയ്ക്ക് എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിജെപിയുടെ സമര പരിപാടികളില്‍ പങ്കെടുത്ത് ഉച്ചയ്ക്ക് 12 വരെ ഒറ്റപ്പാലത്ത് ഉണ്ടായിരുന്ന സജിന്‍ രാത്രി വൈകിയും വീട്ടില്‍ എത്താതിരിക്കുകയും മൊബൈലില്‍ വിളിച്ചിട്ട് കിട്ടാതാകുകയും ചെയ്തതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കയിരുന്നു. ഒറ്റപ്പാലത്ത് രാജപ്രസ്ഥം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സജിന്‍രാജ്.






