
'ഗര്ഗ്ഗഭാഗവത'ത്തിലാണ് രാധാ - കൃഷ്ണ പ്രണയമുള്ളത്. മറ്റെല്ലായിടത്തും കൃഷ്ണനെ കാണാം. എന്നാല്‍ രാധയുണ്ടാവില്ല. കഴിഞ്ഞ ജന്മത്തില് കൃഷ്ണനും രാധയും ഗോലോകത്ത് ഭാര്യാ ഭര്ത്താക്കന്മാരായിരുന്നതായാണ് 'ഗര്‍ഗ്ഗഭാഗവതം' പറയുന്നത്.
രാധയുടെ ശാപംമൂലം കൃഷ്ണന് ഭൂമിയില്‍ വന്നു. സുദാമാവിന്റെ ശാപംമൂലം രാധയും. ഈ ഇതിവൃത്തം ആസ്പദമാക്കിയാണ് പുതിയൊരു നോവല്‍ രചിക്കുന്നത്. 'പ്രണയസമീരേ'. രാധാകൃഷ്ണ പ്രണയമാണ് ഇതിവൃത്തം. ഒരുപാട് പഠനം നടത്തിയതിനുശേഷമാണ് ഞാന്‍ ആ നോവല്‍ പൂര്‍ത്തീകരിച്ചത്.
'പ്രണയസമീരേ' പുറത്തിറങ്ങി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍നിന്ന് കെ.എല്‍. മോഹനവര്‍മ്മ സാര്‍ വിളിച്ചു.
''ജ്ഞാനപീഠം കിട്ടിയതിനേക്കാളും വലിയ ബഹുമതിയാണ് സുധീരയ്ക്ക് കിട്ടിയിരിക്കുന്നത്.''
എന്നുപറഞ്ഞ് അദ്ദേഹം കാര്യത്തിലേക്ക് കടന്നു. സമ്പന്നര്‍ താമസിക്കുന്ന ഒരു ഫ്ളാറ്റ് സമുച്ചയത്തില്‍ മീറ്റിങ്ങിന് പോയതായിരുന്നു മോഹനവര്‍മ്മ സാര്‍. മീറ്റിങ് കഴിഞ്ഞശേഷം അവിടത്തെ താമസക്കാരനായ ഒരാള്‍ വര്‍മ്മസാറിനെ സ്വന്തം ഫ്ളാറ്റിലേക്ക് ക്ഷണിച്ചു.
അവിടത്തെ സ്വീകരണമുറിയില്‍ കണ്ട കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. ചുവര് നിറയെ ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയാര്‍ദ്രമായ മ്യൂറല്‍ പെയിന്റിങ്ങുകള്‍.
മനോഹരമായ ആ ചിത്രങ്ങള്‍ അദ്ദേഹം കുറെനേരം നോക്കിനിന്നു. അതിനുശേഷം ആ മനുഷ്യന് ആ ചിത്രത്തിനു പിന്നിലെ പ്രചോദനത്തെക്കുറിച്ച് പറഞ്ഞു.
''കൈയില്‍ കിട്ടുന്നതെല്ലാം വായിക്കുന്നത് എന്റെ പണ്ടുമുതലേയുള്ള ശീലമാണ്. അടുത്തകാലത്താണ് കെ.പി. സുധീരയുടെ 'പ്രണയസമീരേ' എന്ന നോവല്‍ കിട്ടുന്നത്. പന്തളത്തേക്കുള്ള യാത്രയ്ക്കിടെ കാറിലിരുന്ന് ഞാനത് വായിച്ചുതീര്‍ത്തു.
അന്നു മുതലാണ് എന്റെ മനസ്സിലേക്കും രാധാ-കൃഷ്ണ പ്രണയസങ്കല്‍പ്പം കടന്നുവന്നത്. അത് വരകളിലേക്ക് പകര്‍ത്തണമെന്ന് തോന്നി. അത്രയ്ക്ക് സ്വാധീനിച്ചിരുന്നു, ആ നോവല്‍.
പിറ്റേദിവസം തന്നെ മ്യൂറല്‍ പെയിന്റിങ് ചെയ്യുന്ന കലാകാരനെ കണ്ടെത്തി, ആ നോവല്‍ വായിക്കാന്‍ കൊടുത്തു.
''നീയും നിന്റമ്മയും ഈ നോവല്‍ വായിക്കണം. ഒന്നല്ല, രണ്ടുതവണ. അതിനുശേഷം മനസ്സില്‍ തോന്നുന്നത് ഈ ചുവരില്‍ വരയ്ക്കണം.''
അവന് രണ്ടുതവണ നോവല്‍ വായിച്ചതിനുശേഷം ഫ്ളാറ്റിലേക്ക് വന്നു.
''സാറേ, ഗോലോകം വരയ്ക്കാം. പക്ഷേ എന്നെക്കൊണ്ട് മാത്രം പറ്റില്ല. ഒരുപാടുപേരുടെ ഒരുപാടുനാളത്തെ പ്രയത്നം വേണം. പണം ഒരുപാട് വേണ്ടിവരും.''
പണത്തിന്റെ കാര്യം ആലോചിക്കുകയേ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എട്ട് മ്യൂറല്‍ കലാകാരന്മാരുടെ ദിവസങ്ങള്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഗോലോകം പൂര്‍ത്തിയാക്കി.
''ആ ബിസിനസ്സുകാരന് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ആളല്ല. എട്ടുലക്ഷം രൂപയാണ് അതിനുവേണ്ടി ചെലവഴിച്ചത്. അതുകൊണ്ട് സുധീര അദ്ദേഹത്തെയൊന്നു വിളിച്ച് അഭിനന്ദിക്കണം. അധികം താമസിയാതെ അവിടെപ്പോയി കാണുകയും വേണം.''
മോഹനവര്‍മ്മ സാര്‍ തന്ന നമ്പറില്‍ അപ്പോള്‍ത്തന്നെ ഞാന്‍ വിളിച്ചു. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. കാണാന്‍ ചെല്ലാന്‍ അദ്ദേഹം ക്ഷണിച്ചു.
ബാങ്കിലെ ജോലി, എഴുത്തിന്റെ തിരക്ക്, പ്രസംഗപ്പാച്ചില്... ഇവയ്ക്കിടയില്‍ സന്ദര്‍ശനം നടന്നില്ല. മാത്രമല്ല, മൊബൈല്‍ കംപ്ലയിന്റ് ആയതോടെ നമ്പറും മിസ്സായി. വര്‍മ്മസാറും പിന്നീടിക്കാര്യം വിട്ടു. ഫ്ളാറ്റ് ഏതാണെന്നുപോലും ഓര്‍മ്മയില്ല.
വര്‍മ്മസാര്‍ പറഞ്ഞത് ശരിയാണ്. ജ്ഞാനപീഠം കിട്ടുന്നതിനേക്കാള്‍ സന്തോഷിക്കേണ്ട കാര്യമാണിത്. പക്ഷേ ആ സന്തോഷം പൂര്‍ത്തീകരിക്കണമെങ്കില്‍ എനിക്ക് അദ്ദേഹത്തെ കണ്ടെത്തണം.
കൊച്ചിയില്‍ ഏതോ ഒരു ഫ്ളാറ്റില്‍ ആ മനുഷ്യനുണ്ട്. ഈ കുറിപ്പ് കണ്ടെങ്കിലും അദ്ദേഹം ഒന്നു വിളിച്ചിരുന്നെങ്കില്‍...






