
കൊച്ചി: നടന് ശ്രീനാഥിന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് ഭാര്യ ലത രംഗത്ത് വന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ പോലും പോലീസിന്റെ കയ്യിലില്ലെന്ന് റിപ്പോര്‍ട്ട്. 2010 ഏപ്രില്‍ 23 ന് കോതമംഗലത്ത് സ്വകാര്യ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയിലായിരുന്നു ശ്രീനാഥിനെ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒരു വിവരം തേടിയവര്‍ക്ക് രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും കിട്ടുകയാണെങ്കില്‍ തരാമെന്നും പോലീസ് മറുപടി നല്‍കിയതായിട്ടാണ് വിവരങ്ങള്‍.
കേസില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുമ്പോഴും മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഇതു തന്നെയാണ് പറയുന്നതെന്നുമായിരുന്നു പോലീസിന്റെ വാദം. കോതമംഗലം മരിയ ഹോട്ടലിലെ 102 ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വന്ന ശ്രീനാഥ് വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയെന്ന് ആയിരുന്നു പോലീസ് കണ്ടെത്തല്‍. നാലു മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകകയും സിനിമയിലേക്ക് മടങ്ങിവരാന്‍ ഇരിക്കുകയും ചെയ്യുമ്പോഴായിരുന്നു മരണം.
ഒരു അഭിഭാഷകന് വഴി വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചത്. ശ്രീനാഥിന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആത്മഹത്യ ചെയ്തതാണെങ്കില്‍ അതെങ്ങനെവന്നു? ശ്രീനാഥിന്റെ മൊെബെല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍നിന്നു കൊണ്ടുപോയ വസ്തുക്കളൊന്നും തിരികെ ലഭിച്ചിട്ടില്ല. ഇതും സംശയം വര്‍ധിപ്പിക്കുന്നു.
മോഹന്‍ലാല്‍ സിനിമയായ ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ ഡേറ്റില്‍ ശ്രീനാഥ് ഏപ്രില്‍ 17 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു പോയത്. 21-നു െവെകിട്ടു ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചില്ല. പിന്നീടറിഞ്ഞത് മരണവാര്‍ത്തയാണ്. റോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം കിട്ടാതെ മുറി ഒഴിയില്ലെന്നു ശ്രീനാഥ് നിലപാടെടുത്തെന്നും മുറിവാടക പോലും നല്‍കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഹോട്ടല്‍ മാനേജരെ അറിയിച്ചതായി അഭ്യൂഹമുണ്ടെന്നും പറഞ്ഞത് അദ്ദേഹമാണ്.
മരണം നടന്ന അന്നു പുലര്‍ച്ചെ ആരൊക്കെയോ മുറിയിലെത്തി ശ്രീനാഥിനെ മര്‍ദിച്ചതായും കേട്ടിരുന്നു. പണത്തിനായി ശ്രീനാഥ് ബഹളമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണു കൊണ്ടുപോയത്. ഇതും സംശയത്തിനു കാരണമാണ്. ശ്രീനാഥിന്റെ അനുസ്മരണദിനത്തില്‍ നടന് തിലകന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കുമ്പോള്‍ സംശയത്തിന്റെ ഒട്ടേറെ മുനകളാണ് ഉയരുന്നതെന്നും ലത ശ്രീനാഥ് പറഞ്ഞു.






