
കൊച്ചി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി സന്ദര്‍ശിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് എറണാകുളം റൂറല്‍ എസ്.പി: എ.വി. ജോര്‍ജ്. ഞായറാഴ്ച െവെകിട്ടാണു ദിലീപിന്റെ സുഹൃത്തായ വ്യക്തി ജയില്‍നിയമം മറികടന്ന് സൂപ്രണ്ടിന്റെ ഒത്താശയോടെ സന്ദര്‍ശിച്ചത്.
നടനെ കാണാന്‍ അടുത്ത ബന്ധുക്കളെ മാത്രമേ അനുവദിക്കാവൂയെന്ന് അന്വേഷണസംഘം ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണു കുറ്റവാളിക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനം അനുവദിക്കാത്ത ഞായറാഴ്ച ഇയാള്‍ക്ക് അനുമതി നല്കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജയിലിലെ സിസി.ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്ന് എസ്.പി. പറഞ്ഞു. സൂപ്രണ്ട് പി.പി. ബാബുരാജ് ഇതു സ്ഥിരീകരിച്ചിരുന്നു. സംഭവം മംഗളം ചാനലാണ് ഇന്നലെ പുറത്തുവിട്ടത്.
അടുത്ത സുഹൃത്തായ ഇയാള്‍ തന്നെ കാണാനാണു ജയിലില്‍ വന്നതെന്നാണു ബാബുരാജ് പറയുന്നത്. ജയിലില്‍ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ സന്ദര്‍ശക രജിസ്റ്ററില്‍ എഴുതണമെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല. പുറത്തുനിന്നുള്ള ഒരാള്‍ സബ് ജയിലില്‍ പ്രവേശിച്ച് സൂപ്രണ്ടിനെയോ ജീവനക്കാരെയോ പ്രതികളെയോ കാണാന്‍ മുന്‍കൂട്ടി അപേക്ഷ നല്കി സന്ദര്‍ശക രജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്തണമെന്നാണു നിയമം. എന്നാല്‍ ,ഈ സന്ദര്‍ശനത്തില്‍ ഈ നടപടികള്‍ പാലിച്ചിട്ടില്ല.
ദിലീപും കാവ്യാ മാധവനും മുഖ്യവേഷങ്ങളണിഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന്റെ ''പിന്നെയും'' എന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് പള്‍സര്‍ സുനി എത്തിയിരുന്നെന്നു പോലീസിനു സംശയം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും സുനിയെയും കൂട്ടിയിണക്കാനുള്ള തെളിവുകള്‍തേടി പോലീസ് പഴയ ഷൂട്ടിങ് ലൊക്കേഷനുകളില്‍ വിവരശേഖരണം തുടരുകയാണ്. ദിലീപും കാവ്യയും ജോഡികളായ അടൂര്‍ ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന കൊല്ലം ശാസ്താംകോട്ട, തേവലക്കര എന്നിവിടങ്ങളില്‍ അനേ്വഷണസംഘം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ദിലീപും സുനിയും തമ്മില്‍ ക്വട്ടേഷന്‍ സംബന്ധിച്ച് പല സിനിമാ ലൊക്കേഷനുകളിലും കൂടിക്കാഴ്ച നടത്തിയെന്ന നിഗമനത്തിനു സാധൂകരണം തേടിയാണു പോലീസിന്റെ യാത്ര.
തൃശൂരില്‍ ''ജോര്‍ജേട്ടന്‍സ് പൂരം'' ലൊക്കേഷനില്‍ നിന്നു കിട്ടിയ സെല്‍ഫി പോലെയൊന്നു കിട്ടിയാല്‍ അതു നിര്‍ണായക തെളിവാകുമെന്ന ചിന്തയാണ് പോലീസിനെ തേവലക്കരയില്‍ എത്തിച്ചത്. ഒരു മാസത്തിലേറെ ഇവിടെ ഷൂട്ടിങ് നടന്നിരുന്നു. ലൊക്കേഷനില്‍ എത്തിയവരുടെ മൊെബെലില്‍ പള്‍സറിന്റെ മുഖം എപ്പോഴെങ്കിലും തെളിഞ്ഞിട്ടുണ്ടോയെന്നും സംഘം അനേ്വഷിക്കുന്നുണ്ട്. ചിത്രവുമായി സഹകരിച്ചരുടെ സഹായവും തേടുന്നുണ്ട്. ലൊക്കേഷനില്‍ ദിലീപ് നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു. പള്‍സര്‍ സുനിയുടെ മുഖം ഇപ്പോള്‍ പരിചിതമായതിനാല്‍ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്.






