
മലപ്പുറം: മെഡിക്കല്‍ കോളജ് അഴിമതി വിവാദത്തിനു പിന്നാലെ മലപ്പുറത്ത് ബി.ജെ.പി. നേതാവ് കൈക്കൂലിക്കുരുക്കില്. ബാങ്കില്‍ ജോലി നല്‍കാമെന്നു വാഗ്ദാനംചെയ്ത് ബി.ജെ.പി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.ആര്. രശ്മില്‍നാഥ് പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണു പരാതി.
മഞ്ചേരി നറുകര വേതനാട്ട് വീട്ടില്‍ ഔസേഫാണു മഞ്ചേരി സി.ഐക്കു കഴിഞ്ഞ മാസം പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ പരാതിക്കാരനു പണം തിരിച്ചു നല്കി കേസ് ഒതുക്കിത്തീര്‍ത്തതായും ആക്ഷേപമുണ്ട്. ബാങ്ക് പരീക്ഷ എഴുതിയ മകനെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്കി മഞ്ചേരി വലിയട്ടിപ്പറമ്പിലെ കുട്ടന്, പുല്‍പ്പറ്റ സ്വദേശി സേതുമാധവന് എന്നിവര്‍ പാണ്ടിക്കാട്ടെ രശ്മില്‍നാഥിന്റെ വീട്ടിലെത്തിച്ചശേഷം പത്തുലക്ഷം രൂപ മുന്‍കൂറായി ആവശ്യപ്പെട്ടതായി ഔസേഫിന്റെ പരാതിയില്‍ പറയുന്നു.
പെന്ഷന് എഫ്.ഡിയില്‍നിന്ന് മാര്‍ച്ച് 13ന് സേതുമാധവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തു. റാങ്ക് ലിസ്റ്റില്‍ മകന് ഉള്‍പ്പെടാത്തതിനെത്തുടര്‍ന്ന് പണം തിരികെനല്കാമെന്ന് അറിയിച്ചെങ്കിലും ഇതു ലഭിച്ചില്ല. തുക സേതുമാധവന് തിരിച്ചുനല്‍കിയെന്നാണ് രശ്മില്‍നാഥ് പറഞ്ഞത്. എന്നാല്‍, കുട്ടനും സേതുമാധവനും ഫോണ്‍ എടുക്കുന്നില്ലെന്നും ഔസേഫ് നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. കേസെടുക്കരുതെന്നും പണം തരിച്ചുകിട്ടണമെന്നുമായിരുന്നു പരാതിക്കാരന്റെയും ആവശ്യമെന്നും മഞ്ചേരി: സി.ഐ: എന്‍.വി ഷൈജു പറഞ്ഞു. പിന്നീട് രണ്ടുഗഡുക്കളായി പണം നല്‍കാമെന്ന ധാരണയില്‍ അഞ്ചുലക്ഷം രൂപ ലഭിച്ചെന്ന് ഔസേഫ് അറിയിച്ചതായി സി.ഐ. പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന രശ്മില്‍നാഥ്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്നിന്ന് മത്സരിച്ചിരുന്നു.






