
പാറ്റ്ന: സ്വന്തം ഭാര്യയെ ഓര്‍ത്തെങ്കിലും കക്കൂസ് പണിയാന്‍ കഴിയാത്തവന് അവരെ വിറ്റു കളയണമെന്ന് ബിഹാറിലെ ഒരു ജില്ലാ മജിസ്ട്രേറ്റിന്റെ പരാമര്‍ശം വിവാദത്തില്‍. ജാംഹോര് ഗ്രാമത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേ ശൗചാലയത്തിന്റെ പ്രാധാന്യവും അത് നിര്‍മ്മിക്കുന്ന കാര്യത്തോട് ഗ്രാമീണര്‍ കാട്ടുന്ന വിമുഖതയോടും പ്രതികരിക്കവേ ബീഹാറിലെ ഔറംഗബാദ് മജിസ്ട്രേറ്റ് കന്‍വാള്‍ തനൂജാണ് വിവാദത്തില്‍ പെട്ടത്.
കക്കൂസ് നിര്‍മ്മാണത്തിന്റെ ബോധവല്‍ക്കരണമാണ് ജഡ്ജി ലക്ഷ്യം വെച്ചതെങ്കിലും പുറത്തുവന്ന വാക്കുകളിലെ സ്ത്രീ വിരുദ്ധത വിനയായി. ശൗചാലങ്ങളുടെ അഭാവമാണ് യുവതികള്‍ പീഡിപ്പിക്കപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും കാരണം. ശൗചാലങ്ങള്‍ നിര്‍മ്മിക്കാന്‍ വെറും 12,000 രൂപ മതി. ഭാര്യയുടെ അഭിമാനത്തിന് 12,000 രൂപയ്ക്ക് പേല് നിങ്ങള്‍ മതിക്കുന്നുണ്ടോ? അതോ വെറും 12,000 രൂപയ്ക്ക് വേണ്ടി ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുക്കുമോ? അദ്ദേഹം ചോദിച്ചു. മജിസ്ട്രേറ്റ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ശൗചാലയം നിര്‍മ്മിക്കാനുള്ള പണം തങ്ങളുടെ പക്കലില്ല എന്ന് ഒരു ഗ്രാമീണന് എഴുന്നേറ്റ് നിന്നു പറഞ്ഞത്. അങ്ങിനെയാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കൂ എന്നായിരുന്നു മജിസ്ട്രേറ്റിന്റെ ദേഷ്യത്തോടെയുള്ള പ്രതികരണം.
കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷന്റെ ഭാഗമായി 'ശൗചാലയ് നിര്മ്മാണ്' 'ഘര്‍ കേ സമ്മാന്‍' എന്ന പേരില്‍ സംസ്ഥാനത്ത് ശൗചാലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബീഹാര്‍ സര്‍ക്കാര്‍ ഒരു കുടുംബത്തിന് 12,000 രൂപ വീതമാണ് മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ അനേകം പേര് ഇക്കാര്യത്തില്‍ അഡ്വാന്‍സ് തുക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ തുക കിട്ടിക്കഴിയുമ്പോള്‍ അവ അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കുമെന്നും മജിസ്ട്രേറ്റ് കുറ്റപ്പെടുത്തി. ബീഹാര്‍ സര്‍ക്കാരിന്റെ പരിപാടിയില്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടിക്കായി എത്തിയതായിരുന്നു ജില്ലാ ന്യായാധിപന്.






