
ലാഹോര്‍: പാക്കിസ്താനിലെ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിന് സമീപത്തുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 മരണം. 53 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. സ്ഫോടന സമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല.
അടുത്തിലെ ലാഹോറില്‍ ആക്രമങ്ങള്‍ പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭയ്ക്കു മുന്‍പിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇഖ്ബാല്‍ പാര്‍ക്കില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 72 ആളുകള്‍ കെല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പോലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലാഹോര്‍ പോലീസ് സ്ഥിരീകരിച്ചു. ലാഹോര്‍ വികസന അതോറിറ്റി അധികൃതര്‍ അര്‍ഫ കരിം ടവറിന് സമീപത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.






