
ഈ മാസം 21നാണ് ടെക്ക് ലോകത്തെ ഞെട്ടിച്ചു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ജിയോ ഫോണുകള്‍ പ്രഖ്യാപിച്ചത്. തികച്ചും സൗജന്യമായി നല്കുന്ന ഫോണിന് മൂന്നു വര്‍ഷ കാലത്തേക്ക് 1,500 രൂപ ഡെപ്പോസിറ്റ് മാത്രം മതിയാകും. പ്രഖ്യാപന വേളയില്‍ അംബാനി പറഞ്ഞതുപോലെ ഇന്ത്യയുടെ ഡിജിറ്റല്‍ സ്വതന്ത്ര്യത്തിലേക്കുള്ള കാല്പയ്പ്പ് തന്നെയാകും ഇത്. രാജ്യത്ത് 50 കോടിയോളം ജനങ്ങള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നതാണ് സത്യം. ആ നിലയ്ക്ക് കൂടുതല്‍ വാഗ്ദാനങ്ങളോടെ അതും 4ജി സൗകര്യത്തോടു കൂടിയെത്തുന്ന ഫോണ്‍ ജനജീവിതത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന് കണ്ടറിയാം.
'ഇന്ത്യ കാ സ്മാര്‍ട്ട്ഫോണ്‍' എന്നാണ് ഫോണിനെ കമ്പനി വിശേഷിപ്പിച്ചത്. പരിധിയില്ലാത്ത ഡേറ്റ, സൗജന്യ വോയ്സ് കോളുകള്‍, അപ്ലിക്കേഷനുകള്‍, വോയിസ് കമാന്‍ഡുകള്‍, കേബിള്‍ ടി.വി ലിങ്കുകള്‍ എന്നിവയുമായെത്തുന്ന ഫോണ്‍ മറ്റേതു ഫീച്ചര്‍ ഫോണിനേക്കാളും മികച്ചതാണ്. ജിയോ സിം മാത്രമാകും ഫോണില്‍ ഉപയോഗിക്കാനാകുക എന്നത് മാത്രമാണ് ന്യൂനത. ജിയോ ഫോണിന്റെ സ്വാധീനം മനസിലാക്കാന്‍ റേറ്റിംഗ് ഏജന്‍സികള്‍ നടത്തിയ പഠനം ഒന്നു വിലയിരുത്താം;
ഗുണങ്ങള്‍
രാജ്യത്തെ പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്.എയുടെ പഠനമനുസരിച്ച് ഒരു ഉപയോക്താവില്‍നിന്നു ലഭിക്കുന്ന ശരാശരി വരുമാനം കമ്പനിക്ക് ഗുണകരമാകും. മത്സരം കടുക്കുന്നതോടെ മറ്റുദാതാക്കളും നിരക്ക് കുറയ്ക്കേണ്ടതായി വരും. ആ നിലയ്ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ലഭിക്കും. നിലവില്‍ നടക്കുന്ന താരിഫ് യുദ്ധംത്തന്നെ ഇതിന് ഉദാഹരണമാണ്.
ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ വികസനങ്ങള്‍ എത്തിക്കുന്നതിനും അവരുടെ കഴിവ് വര്‍ധിക്കുന്നതിനും ഫോണ്‍ സഹായകരമാകും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് മുന്തൂക്കഗ നല്കുന്ന ഫോണ്‍ ബാങ്കിങ് മേഖലയേയും ശക്തിപ്പെടുത്തും. കേബിള്‍ കണക്ടിവിറ്റി വാഗ്ദാനം ഫോണിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതാണ്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകരമാകും.
നിലവില്‍ വലിയ മാസവരി അടയ്ക്കുന്ന കേബിള്‍ നിരക്കുകള്‍ കുറയുന്നതിനും ഇത് വഴിവയ്ക്കും. 309 രൂപയ്ക്കാണ് കമ്പനി കേബിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ദോഷങ്ങള്‍
ഫോണിന്റെ വരവ് ഡേറ്റ ഉപഭോഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുമെന്നാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ വിലയിരുത്തന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലു ശതമാനം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 24 ശതമാനമാണ് ഡേറ്റ വളര്‍ച്ച. ജിയോ ഫോണിന്റെ കടന്നു വരവേടെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുമെങ്കിലും ഇവരില്‍ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ്. അതിനാല്‍ത്തന്നെ ഇവരുടെ ഡേറ്റ ഉപയോഗവും കുറവാണ്. ഇത് മേഖലയുടെ ശരാശരി ഡേറ്റ ഉപയോഗത്തെ ബാധിക്കും. വരുമാനത്തിലും ഇടിവുണ്ടാകും.
ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനായി മേഖലയിലെ മത്സരങ്ങള്‍ മുറുകുന്നതിനും നിരക്കുകള്‍ കുറയ്ക്കുന്നതിനും ഇത് ഇടവരുത്തും. ചൈനയിലും സമാനമായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിലുണ്ട്. വൈഫൈ സേവനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. വരുകാലങ്ങളില്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സജീവമാകുമെന്നും ഇത് മൊബൈല്‍ ഡേറ്റയ്ക്ക് സ്ഥിതി വീണ്ടും പ്രതികൂലമാക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.
ജിയോയുടെ ഏറ്റവും വലിയ സ്വാധീനം അതിന്റെ എതിരാളികളെ മെച്ചപ്പെടുത്താന്‍ കഴിവുള്ളതാണെന്നതാണ്. മേഖലയില്‍ താരിഫുകള്‍ നിയന്ത്രിക്കുന്നതിനും ഇത് അത്യാവശ്യമായിരുന്നു. ഉപഭോക്താക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നു എന്നതും ശരിയാണ്. റിലയന്‍സിന്റെ ജിയോ ഫോണ്‍ ഒരുക്കിയിരിക്കുന്ന വമ്പന്‍ കെണി എന്തെന്നാല്‍ അതിന്റെ ഓഫറുകളാണ്. ഏവരെയും ആകര്‍ഷിക്കുന്ന ഓഫറുകളായതിനാല്‍ മറ്റു ദാതാക്കള്‍ ഏങ്ങനെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുമെന്നതാണ് കണ്ടറിയേണ്ടത്.






