
ശനിയാഴ്ച്ച നടക്കുന്ന വേള്‍ഡ് ബോക്സിങ് ഓര്ഗനൈസേഷന് ‘ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ’ മത്സരത്തില്‍ ചൈനയുടെ സുള്പികര് മെയ്മെയ്തിയാലിയാണ് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിംഗിന്റെ എതിരാളി. എന്നാൽ റിങ്ങിലെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും വാഗ്വാദത്തിൽ ഏർപ്പെട്ടു.
ചൈനീസ് ഉല്പന്നങ്ങള്ക്ക് ആയുസ് കുറവാണെന്നാണ് മെയ്മെയ്തിയാലിയെ കളിയാക്കി വിജേന്ദർ പറഞ്ഞത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പൂര്ണപരിശ്രമം നോക്കൗട്ടിന് വേണ്ടിയാണെന്നും ഞാന്‍ പോരാട്ടം എത്ര പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുമോ അത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.
'ചൈനാക്കാരുടെ കഴിവ് എന്താണെന്ന് കാണിക്കാമെന്നും, നേരത്തെ ഇത് തെളിയിച്ചിട്ടുണ്ടെന്നും , ഇനി വിജേന്ദറിനും പാഠം പഠിപ്പിക്കാൻ സമയമായെന്നും', മെയ്മെയ്തിയാലി തിരിച്ചു പ്രതികരിച്ചു.
ഓഗസ്റ്റ് 5 ന് ഞാൻ നിങ്ങളുടെ നാട്ടിലേക്ക് വരുകയാണ് വിജേന്ദർ, നിങ്ങളുടെ ബെൽറ്റ് ഞാൻ സ്വന്തമാക്കും. ആദ്യത്തെ റൗണ്ടിൽ തന്നെ നിങ്ങളെ പുറത്താകുമെന്നും മെയ്മെയ്തിയാലി പറഞ്ഞു.
ഏഴ് നോക്കൗട്ട് വിജയങ്ങളാണ് എട്ട് മത്സരങ്ങളില്‍ നിന്ന് വിജേന്ദര്‍ നേടിയിരിക്കുന്നത്. നിലവില്‍ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്വെയറ്റ് ചാമ്പ്യനാണ് വിജേന്ദര്‍ സിങ്. ഡബ്ലിയുബിഒ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് സുല്‍പികര്‍ മെയ്മെയ്തിയാലി. ശനിയാഴ്ച്ച നടക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്നയാള്‍ക്ക് രണ്ട് ടൈറ്റിലാണ് ലഭിക്കുക.






