
ന്യൂഡല്‍ഹി: കാണാതായ കുട്ടിയെ തിരിച്ചെത്തിക്കാന്‍ സഹായിച്ചത് ആധാര്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയെ തിരികെ ലഭിക്കാന്‍ ദമ്പതികള്‍ക്ക് സഹായകമായത് ആധാര്‍ കാര്‍ഡ്.
പാനിപ്പത്തിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹൗസിലെ അംഗങ്ങളെ ആധാറില്‍ പേര് ചേര്‍ക്കുമ്പോഴാണ് സംഭവങ്ങളുണ്ടാകുന്നത്. വെല്‍ഫെയര്‍ ഹൗസിലുള്ള എല്ലാ ആണ്‍കുട്ടികളുടേയും വിവരങ്ങള്‍ ബയോമെട്രിക് സംവിധാനത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ആധാര്‍ സംഘം.
എന്നാല്‍ ഒരു ആണ്‍കുട്ടിയുടെ മാത്രം വിവരങ്ങള്‍ യൂണീക്ക് ഐഡി ഉപയോഗിച്ച് സംഘത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. വിവരങ്ങള്‍ നിലവില്‍ ഉണ്ടെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച അറിയിപ്പ്.
പാനിപ്പത്തിലുള്ള കുടുംബവുമായി കുട്ടിയുടെ വിവരങ്ങള്‍ മാച്ച് ആവുന്നുണ്ടെന്നും ആധാര്‍ സംഘം തിരിച്ചറിഞ്ഞു. സംഭവം വെല്‍ഫെയര്‍ ഹൗസ് അധികൃതരെ അറിയിച്ചതോടെയാണ് ഒമ്പത് വയസ്സുകാരന് സ്വന്തം അച്ഛന്റേയും അമ്മയുടേയും അടുത്തെത്താനുളള വഴിയൊരുങ്ങിയത്.
ബയോമെട്രിക് വിവരങ്ങളില്‍ കുട്ടിക്ക് ഒമ്പത് വയസ്സെന്ന് തിരിച്ചറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മാറ്റി പാര്‍പ്പിച്ചത്. വെല്‍ഫെയര്‍ സംഘം നടത്തിയ പരിശോധനയില്‍ ഓര്‍മ്മക്കുറവ് സംബന്ധിച്ച പ്രശ്നങ്ങളാണ് കുട്ടിക്കുള്ളതെന്ന് തിരിച്ചറിഞ്ഞു. ആധാറില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വിവരം നല്‍കുകയും അവരെ വിളിച്ചു വരുത്തി കുട്ടിയെ കൈമാറുകയും ചെയ്തു.






