
അടിമാലി: ഫെയ്സ്ബുക്ക് പ്രണയക്കുരുക്കിൽ അകപ്പെട്ട പതിനഞ്ചുകാരി പതിനേഴുകാരനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് പോലീസ് ഇരുവരെയും കൊല്ലത്തു നിന്നും കണ്ടെത്തി. അടിമാലിക്കാരിയായ പെണ്‍കുട്ടിയും കൊല്ലം കാരനായ ആണ്‍കുട്ടിയുമാണ് സംഭവത്തിലെ കഥാപാത്രങ്ങള്‍. കാണാതായതിന് പിന്നാലെ പോലീസ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതാണ് വഴിത്തിരിവായി മാറിയത്.
കഴിഞ്ഞ ദിവസം അടിമാലി പത്താംമൈൽ സ്വദേശിനിയായ പെൺകുട്ടിയെ കാൺമാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ഫെയ്സ്ബുക്ക് പ്രണയത്തിൽ പെൺകുട്ടി കുരുങ്ങിയിരുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശിയായ പ്ലസ്ടൂ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തി.
പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് പ്രണയം അറിഞ്ഞ വീട്ടുകാർ വഴക്കുപറഞ്ഞതിൽ പ്രകോപിതയായ പെൺകുട്ടി തന്നെ കാമുകനെ അടിമാലിയിൽ വിളിച്ചുവരുത്തി ഒപ്പം പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയുടെ ആവശ്യപ്രകാരം നേരിൽ കാണുന്നതിന് അടിമാലിയിലെത്തിയ ആൺകുട്ടിയോടൊപ്പം പെൺകുട്ടി പോവുകയായിരുന്നു. ഇരുവരും ചേർന്ന് കൊല്ലത്തെ വീട്ടിലെത്തിയെങ്കിലും രക്ഷിതാക്കൾ സ്വീകരിക്കാൻ തയ്യാറാകാതെ നിൽക്കുന്നതിനിടെയാണ് പോലീസ് എത്തുന്നത്. തുടർന്ന് ബുധനാഴ്ച അടിമാലി എസ്.ഐ: സന്തോഷ് സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തെത്തി ഇരുവരെയും അടിമാലിയിലേക്ക് കൊണ്ടുവന്നു. വീട്ടുകാരുടെ പരാതി പ്രകാരം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് ആൺകുട്ടിക്കെതിരെ കേസെടുത്തു. പയ്യനെ തൊടുപുഴ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
അടിമാലി സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ സമാന സംഭവമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിനും സമാനതകൾ ഏറെയാണ്. തിരുവന്തപുരം സ്വദേശിനിയായ പെൺകുട്ടി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മൂന്നാറിലുള്ള കാമുകനെ തേടിയെത്തിയതായിരുന്നു. അടിമാലിയിൽ രാത്രി ഒൻപതു മണിയോടെ അടിമാലി ടൗണിൽ ബസിറങ്ങിയ പെൺകുട്ടിയുടെ വിവരങ്ങൾ സ്വകാര്യ ബസ് ജീവനക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ ആൺകുട്ടിയെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
ഫെയ്സ് ബുക്ക് വലയിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണെന്നും കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ മാതാപിതാക്കൾ ജാഗരൂഗരായിരിക്കണമെന്നും അടിമാലി സി.ഐ: പി.കെ. സാബു പറഞ്ഞു






