
ചെന്നൈ: അനിശ്ചിതത്വത്തിനു വിരാമം. വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. കേവലഭൂരിപക്ഷത്തിനാവശ്യമായ എണ്ണം മറികടന്ന് തമിഴ്നാടിന്റെ ഭരണസാരഥ്യത്തിലേക്ക്. കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും പുറമേ, മുസ്ലിം ലീഗും വി.സി.കെയും നിരുപാധികപിന്തുണ പ്രഖ്യാപിച്ചതോടെയാണ് 'മുതല്വനാ'യി (മുഖ്യമന്ത്രി) സി. ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞയ്ക്കു കളമൊരുങ്ങിയത്.
അഞ്ച് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനും ഗവര്‍ണറുമായുള്ള നാല് വട്ട ചര്‍ച്ചകള്‍ക്കും സഖ്യകക്ഷികളുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നത്. ഇന്ന് രാവിലെ 10 നാണ് വിജയുടെ സത്യപ്രതിജ്ഞ. 234 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ എം.എല്‍.എമാരുടെ എണ്ണം 118 ആണെന്നിരിക്കേ, ടി.വി.കെ. സഖ്യത്തിനു നിലവില്‍ 120 പേരുടെ പിന്തുണയുണ്ട്. ടി.വി.കെയ്ക്ക് 108 സീറ്റുണ്ടെങ്കിലും വിജയ് രണ്ട് മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഒരിടത്ത് രാജിവയ്ക്കേണ്ടിവരും. കോണ്‍ഗ്രസ്-05, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, വി.സി.കെ- രണ്ടുവീതം എന്നിങ്ങനെയാണ് സഖ്യത്തിലെ മറ്റ് കക്ഷികളുടെ അംഗബലം. ടി.വി.കെ. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നതാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതിനാല്‍, 118 പേരുടെ പിന്തുണക്കത്താണ് വിജയ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കു കൈമാറിയതെന്ന് കരുതപ്പെടുന്നു. സി.പി.എമ്മും സി.പി.ഐയും നിരുപാധികപിന്തുണയാണ് നല്കുന്നതെങ്കിലും മന്ത്രിസഭയില്‍ ചേരില്ല. സോപാധികപിന്തുണ നല്കുന്ന കോണ്‍ഗ്രസിന് വിജയ് സര്‍ക്കാരില്‍ രണ്ട് മന്ത്രിമാരുണ്ടാകും.
ഭരണപ്രതിസന്ധിയുണ്ടാകാതിരിക്കാന് ടി.വി.കെയെ പിന്തുണയ്ക്കാനുള്ള വി.സി.കെയുടെയും ഇടതുകക്ഷികളുടെയും മുസ്ലിം ലീഗിന്റെയും തീരുമാനത്തെ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് സ്വാഗതം ചെയ്തു. മൂന്ന് കക്ഷികളും ഡി.എം.കെ. സഖ്യത്തിന്റെ ഭാഗമാണ്. ഡി.എം.കെ. സഖ്യം വിട്ട് ടി.വി.കെയെ പിന്തുണച്ച കോണ്‍ഗ്രസ് നടപടിയെ സ്റ്റാലിന് നേരത്തേ വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഒഴികെ മറ്റ് സഖ്യകക്ഷികള്‍ സ്റ്റാലിനുമായി കൂടിയാലോചിച്ചാണ് ടി.വി.കെയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അവര്‍ ഡി.എം.കെ. സഖ്യത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുമെന്ന് സ്റ്റാലിന് വ്യക്തമാക്കി.






