
പത്തനംതിട്ട: പമ്പാ നദീതട ജില്ലകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയുടെ ഗ്രാന്റ് വിഹിതം പല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നഷ്ടം. യഥാസമയം രേഖകള്‍ സമര്‍പ്പിക്കാത്തതാണ് 20 ലക്ഷം മുതലുള്ള തുക നഷ്ടപ്പെടുത്തിയത്.
ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 247 പഞ്ചായത്തുകള്‍ക്കും 18 നഗര സഭകള്ക്കുമായാണ് 50 കോടി രൂപ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് ഗ്രാന്റ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മാര്‍ച്ച് 21 ന് ഇതുസംബന്ധിച്ച് സംസ്ഥാന തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ലോകബാങ്ക്, എ.എഫ്.ഡി, എ.ഐ.ഐ.ബി. എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന റിസിലിയന്റ് കേരള പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ദുരന്ത നിവാരണ, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച പുരോഗതി വിലയിരുത്തി ഓരോ സ്ഥാപനത്തിനും കുറഞ്ഞത് 20 ലക്ഷം രൂപവരെയാണു ഗ്രാന്റ് അനുവദിച്ചത്.
2025-26 സാമ്പത്തികവര്‍ഷത്തെ 5475-00-115-94-06 2025-26 എന്ന ബജറ്റ് ശീര്‍ഷകത്തിലെ തുക പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖേന അതത് തദ്ദേശ സ്ഥാപനങ്ങളുടെ എസ്.ടി.എസ്.ബി. അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യാനായി സീനിയര്‍ ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തി. ഗ്രാന്റ് ലഭിക്കാനുള്ള രേഖകള്‍ മാര്‍ച്ച് 24 ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പല തദ്ദേശസ്ഥാപനങ്ങളും യഥാസമയം രേഖകള്‍ സമര്‍പ്പിച്ചില്ല. ഇതോടെ തുക നഷ്ടപ്പെട്ടു.
പലയിടത്തും ഉദ്യോഗസ്ഥര്‍ വിവരം തദ്ദേശ ഭരണസമിതികളെ അറിയിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു പ്രക്രിയയുടെ തിരക്കില്പ്പെട്ടെന്നാണ് ഉദ്യോഗസ്ഥര്‍ നിരത്തുന്ന വാദം. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞതോടെ ഫണ്ട് നഷ്ടപ്പെടാനുള്ള കാരണം വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മിച്ചമുള്ള കേന്ദ്രഫണ്ട് തിരികെ അടയ്ക്കണമെന്നാണു നിയമം. ഈ തുക വീണ്ടും ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
ടി.കെ. സുധീഷ് കുമാര്‍






