
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകര്‍പ്പന്‍ ജയത്തിന്റെ ശോഭ കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ മങ്ങിയെന്നു മുസ്ലിം ലീഗ്. ഫലപ്രഖ്യാപനശേഷം ആഹ്ലാദപ്രകടനംപോലും നടത്താനാകാത്തവിധം ഉടലെടുത്ത ചേരിപ്പോരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ചരിത്രവിജയത്തിനായി കഠിനാധ്വാനം ചെയ്ത ലീഗ് അണികള്‍ക്കു കടുത്ത നിരാശ.
അത്യുത്തര കേരളത്തിലെ ചുവപ്പുകോട്ടകളില്‍ അടക്കം യു.ഡി.എഫിനു വിജയം സമ്മാനിച്ചതില്‍ മുസ്ലിം ലീഗിന്റെ കഠിനപ്രയത്നമുണ്ടായിരുന്നു. സി.പി.എമ്മില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് പയ്യന്നൂരില്‍ മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണന്റേയും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന്റെയും ബി.ജെ.പിയില്‍ നിന്നെത്തിയ തൃക്കരിപ്പൂരിലെ സന്ദീപ് വാര്യരുടേയും വിജയം യു.ഡി.എഫിന് അപ്രതീക്ഷിതമായ അഭിമാന നേട്ടമാണ്. ഇത് വേണ്ടവിധം ആഘോഷിക്കാനാകാത്തതില് ലീഗ് അണികള്‍ നിരാശ മറച്ചുവയ്ക്കുന്നില്ല.
ഇക്കുറി മത്സരിച്ച 27-ല്‍ 22 സീറ്റുകളിലും വിജയിച്ചാണ് മുസ്ലിം ലീഗിന്റെ വരവ്. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയും ലീഗാണ്. 85,327 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതെന്നതും ശ്രദ്ധേയം. ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ കെ.കെ. ശൈലജയുടെ റെക്കോഡ് തിരുത്തിയാണ് കുഞ്ഞാലിക്കുട്ടി വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്.
മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ അഞ്ചിലേറെ മന്ത്രിമാരെയും ഉപമുഖ്യമന്ത്രിസ്ഥാനവും ലീഗ് ആവശ്യപ്പെടാനുള്ള സാധ്യതയാണു തെളിയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദീന്‍, ആബിദ് ഹുസൈന് തങ്ങള്‍, പാറയ്ക്കല്‍ അബ്ദുള്ള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയില്‍. യു.ഡി.എഫ്. രൂപീകരിച്ചതുമുതല്‍ അധികാരമേറുമ്പോഴെല്ലാം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇത്തവണ ലീഗിനെ ഈ വകുപ്പ് ഏല്‍പ്പിക്കരുതെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ലീഗിനു കൈമാറുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വര്‍ഗീയ താല്‍പ്പര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ബി.ജെ.പി. നേതാവും നിയുക്ത കഴക്കൂട്ടം എം.എല്‍.എയുമായ വി. മുരളീധരന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തങ്ങളുടെ പ്രതിനിധി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ സംസ്ഥാനത്ത് തലയെടുപ്പുള്ള സര്‍വകലാശാലകള്‍ രൂപീകരിച്ചതടക്കം വിസ്മരിച്ചാണ് വിമര്‍ശനമെന്ന് ലീഗ് അണികള്‍ പറയുന്നു. പുത്തരിയിലെ കല്ല് പോലെയാണ് ഇത്തവണത്തെ യു.ഡി.എഫ്. മന്ത്രിസഭാ രൂപീകരണമെന്ന് അഭിപ്രായപ്പെടുന്ന ലീഗിന്റെ സാധാരണ പ്രവര്‍ത്തകരെ ഈ വിഷയവും അസ്വസ്ഥരാക്കുന്നുണ്ട്.
സി.ഒ.ടി. അസീസ്






