
ന്യൂഡല്‍ഹി: നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതിന് 71 വര്‍ഷത്തിന് ശേഷം തര്‍ക്കഭൂമിയായ ഉത്തര്‍പ്രദേശിലെ ബാബ്റി മസ്ജിദ് തര്‍ക്കത്തിനായി ഷിയാ വഖഫ് ബോര്‍ഡ് വീണ്ടും സുപ്രീംകോടതിയിലേക്ക്. 1946 മാര്‍ച്ച് 30 ന് മോസ്ക്ക് സുന്നി വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്ന വിധിയെ വെല്ലുവിളിച്ചാണ് എത്തുന്നത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദം ഷിയ ഹര്‍ജിയില്‍ അംഗീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാം ജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്കം സുപ്രീംകോടതി കേള്‍ക്കാനിരിക്കുകയാണ്. ഇതിനൊപ്പമുള്ള മറ്റ് പരാതികളുടെ കൂട്ടത്തിലാണ് ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയും വന്നിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ നിന്നും മാറ്റി മസ്ജിദ് പണിയാമെന്ന വാദം കഴിഞ്ഞ ദിവസം ഷിയ വഖഫ് ബോര്‍ഡ് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഴു ദശകം പഴക്കമുള്ള തര്‍ക്കം വീണ്ടും പൊടിതട്ടിയെടുത്ത് എത്തിയിരിക്കുന്നത്. ബാബ്റി മസ്ജിദ് സുന്നി വഖഫ് ബോര്‍ഡിന്റെ വസ്തുവില്‍ ഷിയാ മുസ്ളീങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് വിചാരണക്കോടതിയുടെ വിധിയെ എതിര്‍ത്താണ് ഹര്‍ജി. മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മ്മിച്ചതാണെന്ന് നില നില്ക്കുന്ന വാദത്തെ ഹര്‍ജി ഖണ്ഡിക്കുന്നുമുണ്ട്.
യഥാര്‍ത്ഥത്തില്‍ മസ്ജിദ് നിര്‍മ്മിച്ചത് ഒരു ഷിയാ മുസ്ളീമായ മന്ത്രി അബ്ദുള്‍ മിര്‍ ബക്കിയാണെന്നും സുന്നി മുസ്ളീമായ ബാബര്‍ അല്ലെന്നുമാണ് വാദം. മോസ്ക്ക് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് ബാബറായിരുന്നു. ബാഖ്വി അത് സ്വന്തം പണം ഉപയോഗിച്ച് നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മ്മിച്ചപ്പോള്‍ വെറും അഞ്ചോ ആറോ ദിവസം മാത്രമായിരുന്നു ബാബര്‍ അയോദ്ധ്യയില്‍ ഉണ്ടായിരുന്നത്. മോസ്ക് നിര്‍മ്മിക്കാന്‍ മാത്രമാണ് ബാബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് വേണ്ടി സ്ഥലം കണ്ടെത്തിയതും ക്ഷേത്രം തകര്‍ത്ത് മോസ്ക്ക് പണിതതുമെല്ലാം ബാഖ്വി ആണെന്നും ഇത് വിചാരണകോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
1945 ല്‍ സുന്നി വഖഫ് ഫൈസാബാദ് സിവില്‍ കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുന്നത് വരെ മസ്ജിദ് പരിപാലിച്ചിരുന്നതും ഷിയകളാണ്. ബക്കിയാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് പരിഗണിക്കാതെ കോടതി ഗൗരവതരമായ തെറ്റാണ് വരുത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട് മുസ്ളീം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നില നില്‍ക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ വിധിയുടെ പേരില്‍ ഇരുവിഭാഗവും സുപ്രീംകോടതിയില്‍ നേര്‍ക്കുനേര്‍ വരുന്നത്.






