ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ദൃശ്യം അയച്ചു തരണമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച കത്ത് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു.
ഓഗസ്റ്റ് 15ന് മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണം. ദേശീയ ഗാനം ആലപിക്കണം. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കണം. ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യുനപക്ഷ ഓഫീസര്‍ക്ക് അയച്ചു കൊടുക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മദ്രസകള്‍ ബാധ്യസ്ഥരാണെന്ന് ന്യനപക്ഷ മന്ത്രി ലക്ഷ്മി നാരായണന് ചൗധരി പറഞ്ഞു. യുപിയില്‍ സര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ള 8000 മദ്രസകളുണ്ട്. ഇവയില്‍ 560 എണ്ണം പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണ്.
അതേസമയം മദ്രസകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതാണ് ഉത്തരവെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗൊരഖ്പൂരിലെ മദ്രസകള്‍ സ്വാതന്ത്ര്യസമരത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. എന്നിട്ടും തങ്ങളെ സംശയത്തോടെ പെരുമാറുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഗൊരഖ്പൂരിലെ മദ്രസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്വാര്‍ ഹുസൈന് പറഞ്ഞു.






