
മലയാളികളോട് കളിച്ചാല്‍ പിടിച്ചു നില്ക്കാനാവില്ലെന്ന ബോധ്യം വന്നതോടെ റിപ്പ്ബ്ലിക് ചാനല്‍ വീണ്ടും റിവ്യൂ ഓപ്ഷന് പിന്‍വലിച്ചു. ചാനലിന്റെ റേറ്റിങ് 1.6ലേയ്ക്ക് കൂപ്പുകുത്തിയതോടെയാണ് ഓപ്ഷന് പിന്‍വലിച്ച് ചാനല്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ദേശീയ തലത്തില്‍ കേരളത്തെ ഏറ്റവും മോശവും വികസന രഹിതവുമായ സംസ്ഥാനമായി ചിത്രീകരിക്കാനുള്ള അര്‍ണബ് ഗോസ്വാമിയുടെയും ചാനലിന്റെയും ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്കി തുടങ്ങിയതാണ് മലയാളികള്‍.
കേരളത്തെ കലാപവും, വികസന രഹിതവും, സുരക്ഷിതവുമല്ലാത്ത സംസ്ഥാനമെന്ന നിലയിലാണ് ചര്‍ച്ചകളില്‍ ചിത്രീകരിച്ച് തുടങ്ങിയത്. ഇതോടെ റിവ്യു ഓപ്ഷനുകളില്‍ മലയാളികള്‍ ആക്രമണം നടത്തി തുടങ്ങി. ഇതിനെ തടയാന്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നും പ്രത്യേക ഏജന്‍സികളെ വെച്ചും റേറ്റിങ് ഉയര്‍ത്താന്‍ ശ്രമിച്ചു. വണ്‍ സ്റ്റാര്‍ നല്കിയ റിവ്യു ഓപ്ഷനുകള്‍ മായ്ച്ചു കളഞ്ഞും പ്രതിരോധിച്ചെങ്കിലും ഇതെല്ലാം പൊളിഞ്ഞു.
ഇടയ്ക്ക് റിവ്യൂ ഓപ്ഷനില്‍ ചാനല്‍ കൃത്രിമത്വം കാണിച്ചെന്ന് ഫെയ്സ്ബുക്ക് നേരിട്ട് വ്യക്തമാക്കിയതോടെ മലയാളികളുടെ ആക്രമണം വര്‍ദ്ധിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തെ ഇന്ത്യയിലാകെ മോശമാക്കി കാണിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. നല്ല രീതിയില്‍ നിരത്തിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു കാറിനെ മുന്നോട്ട് പോവാന്‍ അനുവദിക്കാതെ വഴി മുടക്കി നില്ക്കുന്ന തെരുവ് പട്ടികളോടാണ് ചാനലിനെ ശശി തരൂര്‍ ഉപമിച്ചത്.






