
ഗുണ്ടൂര്‍ : ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ 11 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ജീവനോടെ പുറത്തെടുത്തു. ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പോലീസ് സംഘവും നടത്തിയ സാഹസിക പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കാണുകയും കുട്ടിക്ക് പുതുജീവന്‍ സമ്മാനിക്കുകയുമായിരുന്നു.
ഗുണ്ടൂരിലെ വിനുകോണ്ടമണ്ടല് ഉമാദിവരത്താണ് സംഭവം. വീടിനു സമീപത്തെ കാലിത്തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടി ഇതിനോട് ചേര്‍ന്നുള്ള മൂടിയില്ലാത്ത കുഴല്ക്കിറില് വീഴുകയയും 15 അടി താഴ്ചയില്‍ തങ്ങിക്കിടക്കുകയുമായിരുന്നു. ഇവിടെ നിന്നും കൂടുതല്‍ താഴേക്ക് പതിക്കാതിരുന്നതാണ് കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ സഹായകമായത്. കിണറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില് കേട്ട അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും രംഗത്തെത്തി. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്ത് എത്തിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി.
ആദ്യം കുഴലിലൂടെ ജീവശ്വാസം നല്കി. പീന്നീട് കുഴല്‍ക്കിണറിന് സമീപത്തായി മണ്ണുമാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്ത് ഇതിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.






