
കൊച്ചി: പള്‍സര്‍ സുനിക്ക് ഇന്നലെ നേരത്തേ സൂചിപ്പിച്ച വെളിപ്പെടുത്തല്‍ നടത്താന്‍ കഴിയാതെ വന്നതു നടന് ദിലീപിനു ജയിലിനു പുറത്തേക്കുള്ള വഴി എളുപ്പമാകുമെന്നു സൂചന. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നത് വെളിപ്പെടുത്തല്‍ ഭയന്നാെണന്ന് അഡ്വ. ആളുര് ആരോപിച്ചു.
ഗൂഢാലോചനയില്‍ മുഖ്യപങ്കാളികളായ വമ്പന്സ്രാവിനെയും മാഡത്തെയും അങ്കമാലി മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സുനി കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇത് ഒഴിവാക്കാനാണു റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഇന്നലെ സുനിയെ അവിടെ ഹാജരാക്കാതിരുന്നത്. പകരം, കനത്തസുരക്ഷയില്‍ എറണാകുളം സി.ജെ.എം. കോടതിയിലും കാക്കനാട് കോടതിയിലും ഹാജരാക്കി. സുനിയെ വായ് തുറക്കാന്‍ അനുവദിക്കാതെ പോലീസ് സുരക്ഷാവലയം തീര്‍ത്തിരുന്നു ഈ മാസം മുപ്പതുവരെ സുനിയുടെ റിമാന്‍ഡ് കാലാവധി സി.ജെ.എം. കോടതി നീട്ടിയ കാരണം പറഞ്ഞാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നത്.
പ്രതിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ അഭിഭാഷകന് ബി.എ. ആളൂര്‍ അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അവിടെ രഹസ്യമൊഴി നല്‍കാനാണു സുനി ഒരുങ്ങുന്നത്. റിമാന്‍ഡ് നീട്ടിയതോടെ ഇനി ഈ മാസം 30 വരെ കാത്തിരിക്കേണ്ടി വരും.
ദീലീപിന്റെ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സുനി ഇന്നലെ മറ്റാരുടെയെങ്കിലും പേരു വെളിപ്പെടുത്തുന്ന പക്ഷം കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രോസിക്യൂഷനു ഹര്‍ജിയെ എതിര്‍ക്കാമായിരുന്നു. ഇക്കുറി ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബാംഗങ്ങളും. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഓണത്തിനുശേഷമാകും പുതിയ ഹര്‍ജി നല്‍കുക. അപ്പോഴേക്കും ഹൈക്കോടതി ബെഞ്ചുകളില്‍ മാറ്റമുണ്ടാകാനുമിടയുണ്ട്.






