
തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകന് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മുരുകന് മരിച്ച ദിവസം ആശുപത്രിയില്‍ 15 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നു. സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. അപകടം ഉള്‍പ്പടെ അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാനായിരുന്നു ഇവ നീക്കിവച്ചിരിക്കുന്നത്.
ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയിലെ 55 വെന്റിലേറ്ററുകളില്‍ രോഗികളുണ്ടായിരുന്നു. 19 വെന്റിലേറ്ററുകള്‍ ആ സമയം പ്രവര്ത്തനയോഗ്യമല്ലായിരുന്നുവെന്നും സൂപ്രണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി വരികയാണ്.






