
അജ്മീര്‍: ഭര്‍തൃവീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി. ശൗചാലയം പണിതു നല്‍കാത്ത ഭര്‍ത്താവിന്റെ നടപടി ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. ഭിവാലയിലെ കുടുംബ കോടതിയുടേതാണ് ഈ വിധി. 24കാരിക്കാണ് ഭര്‍ത്താവിന്റെ 'ക്രൂരത'യില്‍ നിന്ന് വെള്ളിയാഴ്ച കോടതി മോചനം നല്‍കിയത്.
2011ലാണ് യുവതി വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയത്. വീട്ടില്‍ ഒരു ശൗചാലയം പണിയണമെന്ന് അന്നു മുതല്‍ യുവതി നിരന്തരം ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഗണിക്കാതിരുന്ന ഭര്‍ത്താവ് പ്രാഥമിക കൃത്യത്തിനും കുളിക്കുന്നതിനും വെളിയില്‍ പോകാനാണ് ഭാര്യയെ ഉപദേശിച്ചത്. നാട്ടിലുള്ള മറ്റു സ്ത്രീകളും അതുപോലെയാണ് ചെയ്യുന്നതെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. പ്രാഥമിക ആവശ്യത്തിന് വയലില്‍ പോകുന്നത് തന്റെ അന്തസ്സിന് കോട്ടം തട്ടുന്നുവെന്ന് ബോധ്യമായതോടെ യുവതി 2015ല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ശൗചാലയം നിര്‍മ്മിക്കാന്‍ ഭാര്യയുടെ വീട്ടുകാരും വിവാഹസമയത്ത് ആവശ്യപ്പെട്ടിരുന്നില്ലെന്ന് യുവാവ് പറയുന്നു.
വീട്ടില്‍ ശൗചാലയമില്ലാത്തത് ക്രൂരതയാണെന്നും പ്രാഥമിക ആവശ്യത്തിന് പുറത്തുപോകേണ്ടിവരുന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് വിവാഹം അസാധുവാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയത്.
മദ്യവും മൊബൈല്‍ ഫോണും പുകയിലയും വാങ്ങാന്‍ നാം പണം ചെലവഴിക്കുന്നു. എന്നാല്‍ ശൗചാലയം നിര്‍മ്മിച്ച് കുടുംബത്തിന്റെ അന്തസ്സ് നിലനിര്‍ത്താല്‍ സംരക്ഷിക്കാന്‍ നാം തയ്യാറാകുന്നില്ല. വിസര്‍ജ്ജനത്തിനായി സ്ത്രീകള്‍ക്ക് സൂര്യാസ്തമനം വഴി കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും അത് ശാരീരിക ക്രൂരത മാത്രമല്ല, സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.






