
ബാര്‍സിലോന: സ്പെയിനിലെ ലാ റംബ്ലാസില്‍ വിനോദസഞ്ചാരികള്‍ക്കിടയിലേക്കു വാനോടിച്ചു കയറ്റി 15 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ രക്ഷപ്പെട്ട ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയ വാനിന്റെ ഡ്രൈവറായിരുന്നെന്ന്കരുതുന്ന യൂനസ് അബുയാക്കൂബ് എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടതെന്നു പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ഇയാള്‍ ധരിച്ചിരുന്നതായി കരുതിയിരുന്നെങ്കിലും പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.
ബാര്‍സിലോനയില്‍ നിന്നു 40 കിലോമീറ്ററോളം മാറിയായിരുന്നു സംഭവം. സ്പെയിന് അതിര്‍ത്തികടന്നു ഫ്രാന്‍സിലേക്കു യൂനസ് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്. ഭീകരാക്രമണം നടപ്പാക്കാന്‍ എത്തിയ 12 അംഗ സംഘത്തില്‍ ഇയാള്‍ മാത്രമാണു രക്ഷപ്പെട്ടിരുന്നത്. ബാക്കിയുള്ളവര്‍ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
മൊറോക്കോ പൗരത്വമുള്ള യൂനസിനു വേണ്ടി യൂറോപ്പിലാകമാനം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബാര്‍സിലോനയിലാണ് ഇയാള്‍ വളര്‍ന്നത്. യൂനസ് അപകടകാരിയാണെന്നും ആയുധം ധരിച്ചാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും പൊലീസ് ജനങ്ങള്‍ക്കു മുന്നറിയിപ്പും നല്കി. ഇയാളുടെ നാലു ഫോട്ടോകളും പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ, ബാര്‍സിലോന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി കാറിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ മുപ്പത്തിനാലുകാരന്റെ കൊലപാതകത്തിനു പിന്നിലും യൂനസ് ആണെന്നാണു കരുതുന്നത്. ബാര്‍സിലോനയിലെ ആക്രമണത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ യൂനസ് തട്ടിയെടുത്ത കാറിന്റെ ഉടമയാണു കൊല ചെയ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു. ആക്രമണത്തില്‍ 34 രാജ്യങ്ങളില്‍നിന്നുള്ള 120 പേര്‍ക്കു പരുക്കേറ്റിരുന്നു






