തിരുവനന്തപുരം: സംസ്ഥാന സെന്‍സര്‍ ബോര്‍ഡില്‍ സംഘപരിവാര്‍ ബന്ധമുള്ളവരെ തിരുകി കയറ്റിയെന്ന് ആരോപണം. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടനയിലാണ് വ്യാപകമായി സംഘപരിവാര്‍ ബന്ധമുള്ളവര്‍ കയറിപ്പറ്റിയത്. സംഘപരിവാര്‍ ബന്ധത്തിന് പുറമെ ഒരേ വിഭാഗത്തില്‍ നിന്നുള്ളവരെ മാത്രമാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്. കേന്ദ്രസര്‍ക്കാരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നത്.
ബിജെപി അനുഭാവികളും സംഘപരിവാര്‍ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായതുമായവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ക്രിസ്ത്യന്‍, മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കിയതും ശ്രദ്ധേയമായി. സംഘപരിവാര്‍ അനുകൂലികളെ കുത്തിത്തിരുകിയ പട്ടിക അതേപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്നാണ് ആരോപണം.
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, ഭാര്യ മേനകാ സുരേഷ് കുമാര്‍, സുരേഷ് കുമാറിന്റെ സഹോദരിയുടെ മകന് സന്ദീപ് ചന്ദ്രസേനന് എന്നിവരും അംഗങ്ങളാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി, ഫെഫ്ക ഭാരവാഹിയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ അരോമാ മോഹന്‍. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ എം ബി സനില്‍കുമാര്‍, മേജര്‍ രവി ചിത്രങ്ങളിലെ സ്ഥിരം സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഹരി തിരുമല, നടി സോനാ നായര്‍, ഛായാഗ്രാഹകന്‍ അളഗപ്പന്റെ ഭാര്യ ഉമാ അളഗപ്പന്, നടി ചിപ്പി രഞ്ജിത്ത് എന്നിവരും സെന്‍സര്‍ ബോര്‍ഡിലുണ്ട്.






