
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി അന്താരാഷ്ര്ട ഫുട്ബോളിനോട് വിടപറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമില്‍നിന്ന് തഴഞ്ഞതിനു പിന്നാലെയാണ് റൂണി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ ഗോള്‍ സ്കോറര്‍ (53) ആണ് റൂണി. 119 മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമിനായി ബൂട്ടണിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് എവര്‍ട്ടന്റെ സ്ട്രൈക്കറും 31കാരനുമായ റൂണിയെ മാള്‍ട്ട, സ്ലൊവാകിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള മത്സരത്തില്‍ പരിശീലകന് ഗരെത് സൗത്ഗെയ്റ്റ് ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ അത് നിരസിച്ച റൂണി ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൂണി 200-ാം ഗോള്‍ പിന്നിട്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ എവര്‍ട്ടണിന് സമനില ഗോള്‍ സമ്മാനിച്ചാണ് റൂണി ഗോളില്‍ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 183 ഗോളും എവര്‍ട്ടണിനായി 17 ഗോളും റൂണി നേടി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും റൂണി സ്വന്തമാക്കി.
2002ല്‍ തന്റെ 16-ാം വയസ്സില്‍ ഗുഡിസണ്‍ പാര്‍ക്കിലായിരുന്നു റൂണിയുടെ പ്രൊഫഷണല്‍ അരങ്ങേറ്റം. 14 വര്‍ഷത്തെ കരിയറില്‍ ഇംണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡിനൊപ്പം രാജ്യത്തിനായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയോടും കൂടിയാണ് റൂണി പടിയിറങ്ങുന്നത്.






