
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവ് നല്‍കിയത്. സെന്‍കുമാര്‍ കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കേ ക്രമവിരുദ്ധമായി വായ്പ നല്കി, അവധിക്കായി വ്യാജരേഖ സമര്‍പ്പിച്ചു എന്നീ പരാതികളിലാണ് കോടതിയുടെ നിര്‍ദേശം.
നേരത്തെ സെന്‍കുമാര്‍ അവധിയിലായിരുന്ന കാലത്ത് സമര്‍പ്പിച്ച ചികിത്സാ രേഖകള്‍ വ്യാജമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ സെന്‍കുമാറിന് നല്‍കിയത് ശരിയായ ചികിത്സാ രേഖകളാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിലൂടെ ഡി.ജി.പി പദവിയില്‍ തിരിച്ചെത്തിയ സെന്കുമാറെ വിരമിച്ച ശേഷം നിയമനടപടികള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കാണിച്ചും കേസുണ്ട്. ഇതില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സെന്‍കുമാറിന്റെ അറസ്റ്റ് പിന്നീട് അന്വേഷണ സംഘം രേഖപ്പെടുത്തുകയായിരുന്നു.






