
മധുര: 'ബ്ളൂവേല് വെറുമൊരു കളിയല്ല മറിച്ച് അത് അപകടമാണ്. ഒരിക്കല്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തിരിച്ചിറങ്ങാനാകാത്ത ചിലന്തിവല' തമിഴ്നാട്ടിലെ മധുരയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 19 കാരന്റേതാണ് കുറിപ്പ്. കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച വിഘ്നേഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലായിരുന്നു ഈ രേഖപ്പെടുത്തല്‍.
ഇടം കയ്യില്‍ ഒരു തിമിംഗലത്തിന്റെ ചിത്രവും തൊട്ടുതാഴെ ബ്ളൂവേല് എന്നെഴുതുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ കൊമേഴ്സ്യല്‍ വിദ്യാര്‍ത്ഥിയാണ് വിഘ്നേഷ്. കൂടുതല്‍ സമയവും പയ്യന് ഫോണിലായിരുന്നു എന്ന് കൂട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ് വിഘ്നേഷ് ഗെയിമിന് അടിമയായിരുന്നെന്നതിന് പോലീസിന് കിട്ടിയിരിക്കുന്ന ഏക തെളിവും. ഈ മാസം മുംബൈ, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ രേഖപ്പെടുത്ത ബ്ളൂവേല് ഗെയിം ആത്മഹത്യയ്ക്ക് പിന്നാലെ തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയ ആദ്യ സംഭവമാണ് ഇത്.
വിദ്യാര്‍ത്ഥികളെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ഗെയിം നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റഷ്യയില്‍ നിന്നും തുടങ്ങിയ ബ്ളൂവേല് ഗെയിമുമായി ബന്ധപ്പെട്ട് ലോകത്തുടനീളം 100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റുള്ളവരില്‍ നിന്നും തനിച്ചിരിക്കുക, രാത്രിയില്‍ ശ്മശാനത്തില്‍ ചെലവഴിക്കുക, ഹൊറര്‍ സിനിമകള്‍ കാണുക, കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുക, ഞരമ്പു മുറിക്കുക തുടങ്ങി ഗെയിമില്‍ ഏര്പ്പെടുന്നയാള് അ്ഡമിന് പറയുന്ന 50 സ്റ്റെപ്പുകള്‍ പൂര്‍ത്തീകരിക്കുന്നതാണ് ഗെയിമിന്റെ രീതി. ഇതിനിടയില്‍ ആത്മഹത്യ ചെയ്യുകയും ചെയ്യും.






