ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ ആള്‍ദൈവം ഗൂര്‍മീത് റാം റഹീം സിംഗിന് പത്മശ്രീ പുരസ്കാരം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തത് നാലായിരത്തിലധികം പേര്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശിപാര്‍ശകള്‍ ലഭിച്ചത്. അനുയായികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് മുമ്പാണ് ഗുര്‍മീതിനായി പത്മശ്രീ ശിപാര്‍ശ ലഭിച്ചത്.
പത്മ പുരസ്കാരം നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ശിപാര്‍ശ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഗുര്‍മീതിനായി 4208 ശിപാര്‍ശകള്‍ ലഭിച്ചത് ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന. കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗുര്‍മീതിനായി ഒരു ശിപാര്‍ശ പോലും ലഭിച്ചിരുന്നില്ല. ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചാണ് പുരസ്കാര ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്.
ഗുര്‍മീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നുമാണ് നാലായിരത്തോളം ശിപാര്‍ശകളും ലഭിച്ചത്. തനിക്ക് അനുകൂലമായ ശിപാര്‍ശകളില്‍ അഞ്ച് ശിപാര്‍ശകള്‍ ഗുര്‍മീത് തന്നെയാണ് നല്‍കിയത്. മൂന്ന് ശിപാര്‍ശകള്‍ തന്റെ സിര്‍സയിലെ വിലാസത്തില്‍ നിന്നുമാണ് ആള്‍ദൈവം നല്‍കിയത്. ഹിസാറിലേയും രാജസ്ഥാനിലേയും വിലാസങ്ങളില്‍ നിന്നുമാണ് മറ്റ് രണ്ട് ശിപാര്‍ശകള്‍.






