ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രുക്ഷവിമര്‍ശനവുമായി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രാജീവ് പ്രതാപ് റൂഡി. ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രവര്‍ത്തന മികവില്ലാത്തവരെന്ന പേരില്‍ റൂഡിയെ അടക്കം ചില മന്ത്രിമാരെ മോഡി മാറ്റിയിരുന്നു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവച്ചതെന്ന് റൂഡി പറഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ഞാന്‍ പരാജയപ്പെട്ടവനാണെന്ന് മോഡി കരുതുന്നുവെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നും റൂഡി കൂട്ടിച്ചേര്‍ത്തു. ബോസാണ് എല്ലായ്പ്പോഴും ശരി കുറഞ്ഞ സമയത്തിനുള്ളില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം ചെയ്തു തീര്‍ത്ത കാര്യങ്ങളെക്കുറിച്ച് ജനങ്ങളേയും ഭരണാധികാരികളേയും ബേധ്യപ്പെടുത്തുന്നതില് പരാജയപ്പെട്ടു. അക്കാര്യം ഞാന്‍ സമ്മതിക്കുന്നു-റൂഡി പറഞ്ഞു.
ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനി എന്റെ പിന്‍ഗാമികളും വിമര്‍ശകരുമാണ് അക്കാര്യം സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങള്‍ ദൃശ്യമാകാന്‍ സമയമെടുക്കുമെന്നും റൂഡി പറഞ്ഞു. പ്രകടനം മോശമാണെന്ന് ആരോപിച്ച് റൂഡി അടക്കം ആറ് മന്ത്രിമാരെയാണ് പ്രധാനമന്ത്രി പുറത്താക്കിയത്. ധര്‍മ്മേന്ദ്ര പ്രധാനാണ് റൂഡിക്ക് പകരം മന്ത്രിയായത്.






