തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ അസാന്നിദ്ധ്യത്തില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം. തിരുവനന്തപുരത്ത് കോവളം കൊട്ടാരത്തിന് മുന്നില്‍ രാവിലെ പത്തുമണിക്ക് ആരംഭിച്ച സത്യഗ്രഹത്തില്‍ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല. നാളെ രാവിലെ പത്തുമണിക്ക് സത്യാഗ്രഹം അവസാനിക്കും.
കോവളം കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയതില്‍ പ്രതിഷേധിച്ചാണ് വിന്‍സെന്റിന്റെ സത്യാഗ്രഹം. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡി സി സി സെക്രട്ടറി മാത്രമാണ് സത്യാഗ്രഹ പന്തലില്‍ സന്ദര്‍ശനം നടത്തിയത്. നാളെ പത്തുമണിക്ക് നടക്കുന്ന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനത്തില്‍ കെ മുരളീധരന് എംഎല്‍എ നാരങ്ങാ നീര് നല്കി സമരം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനും സാന്നിദ്ധ്യമറിയിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുമെന്ന് ഉറപ്പില്ല. അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് ഇപ്പോള്‍ ജാമ്യത്തിലാണ് പുറത്തെത്തിയിട്ടുള്ളത്. അതേസമയം വിന്‍സെന്റിന്റെ സത്യാഗ്രഹം രാഷ്ട്ട്രീയ പ്രേരിതവും മുഖം മിനുക്കാനുള്ള നാടകവുമാണെന്ന് സിപിഐഎം ആരോപിച്ചു. പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി യുവജന മേഖലയില്‍ തനിക്കുള്ള പിന്തുണ പരമാവധി ഉപയോഗിച്ചു കൊണ്ടാണ് വിന്‍സെന്റ് പുതിയ സമരമുഖം തുറക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാക്കള്‍ക്കൊന്നും ഈ സമരത്തില്‍ താല്പര്യമില്ല.






