ചെന്നൈ: തമിഴ്നാട്ടിലെ ജാതിവിവേചനത്തിനെതിരെ കബാലി സംവിധായകന് പാ രഞ്ജിത്ത്. തങ്ങളിനിയും ജീവിക്കുന്നത് ദളിതരായാണെന്നും സംസ്ഥാനത്ത് ജാതി വിവേചനമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അനിത എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രഞ്ജിത്ത് പൊട്ടിത്തെറിച്ചത്.
അനിതയുടെ ആത്മഹത്യ ദളിത് വിഷയമായി ഉന്നയിക്കേണ്ടതില്ലെന്ന സംവിധായകന് അമീറിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. അനിതയെ ദളിത് പെണ്‍കുട്ടി എന്ന് വിളിക്കേണ്ടതില്ലെന്നും ഇത് ജാതി പ്രശ്നമല്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയും പാ രഞ്ജിത്ത് നിശിതമായി വിമര്‍ശിച്ചു.
ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്. നമ്മുടെ ഗ്രാമങ്ങളില്‍ കടുത്ത ജാതി വിവേചനമുണ്ട്. അത് അംഗീകരിക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു. താന്‍ ഇന്നും ചേരിയിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പ്രത്യേക പ്രദേശങ്ങള്‍ പോലുമുണ്ട്. ജാതി വേര്‍തിരിവില്ലാത്ത ഒരു ഗ്രാമത്തെ കാണിച്ചു താരാമോ എന്നും രഞ്ജിത്ത് ചോദിച്ചു.
അനിതയുടെ ആത്മഹത്യയെക്കുറിച്ച് അമീര്‍ സുല്‍ത്താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തട്ടിപ്പറിച്ചായിരുന്നു പാ രഞ്ജിത്തിന്റെ വൈകാരികമായ മറുപടി. ഇടയ്ക്ക് രഞ്ജിത്തിനെ ശാന്തനാക്കാന്‍ അമീര്‍ ശ്രമിച്ചുവെങ്കിലും മറുപടി പൂര്‍ണമായി പറഞ്ഞ ശേഷമാണ് രഞ്ജിത്ത് മൈക്ക് മടക്കി നല്‍കിയത്.






