
മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ച് നായികയായി ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഐഡന്റിറ്റി നേടിയെടുത്ത താരമാണ് ലെന. സിനിമയ്ക്കുള്ളില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്തകളുമാണ് ലെനയ്ക്കുള്ളത്. തന്റെ ചില തുറന്നു പറച്ചിലുകളിലൂടെ ചിലപ്പോഴൊക്കെ പരിഹാസ കഥാപാത്രമായും ലെന മാറിയിട്ടുണ്ട്. പലവട്ടം പരിഹാസങ്ങളും വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നാണ് ലെന വീണ്ടും വ്യത്യസ്തയായത്.
ഇപ്പോഴിതാ സ്പിരിച്വാലിറ്റിയെക്കുറിച്ചും മറ്റുള്ളവര്‍ അത് മനസ്സിലാക്കുന്ന രീതിയെക്കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സ്പിരിച്വാലി എല്ലാവർക്കും മനസിലാകുന്ന കാര്യമല്ലെന്നും ഇത് എല്ലാവർക്കും കിട്ടുന്ന അനുഭവവും അല്ലെന്നും എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കില്‍ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണമെന്നും ലെന പറയുന്നു. ഒപ്പം എല്ലാവർക്കും മനസിലാകും എന്ന് വിചാരിച്ചിട്ടല്ല ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ലെന കൂട്ടിച്ചേര്‍ക്കുന്നു.
‘‘എന്റെ ആദ്യ ഭർത്താവിനോട് ഞാൻ ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതൊന്നും റിലേറ്റബിള്‍ ആയില്ല. അപ്പോഴാണ് ഇത് ആകെയൊരു പ്രശ്നമായി മാറിയത്. പിന്നെ കുടുംബം ഇടപെട്ടു. അവർക്കും ഒന്നും ഞാൻ പറയുന്നത് മനസിലാകുന്നില്ല. അപ്പോള്‍ അവർ പറഞ്ഞു, സൈക്യാട്രിസ്റ്റിനെ കാണാൻ. കാരണം സ്പിരിച്വാലിറ്റി എല്ലാവർക്കും മനസിലാകണമെന്നില്ലല്ലോ.
ആദ്യമായിട്ട് ഞാൻ ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ട്രോളും കാര്യങ്ങളുമൊക്കെയുണ്ടായത് ഇതേ കാരണം കൊണ്ടാണ്. അതേ കാര്യം വീണ്ടും റിപ്പീറ്റ് ആയി. അന്ന് എന്റെ കുടുംബമായിരുന്നു, ഇന്ന് കുറേ മലയാളികള്‍ക്ക് പ്രശ്നം വന്നു. ഇതെന്താ ഈ പറയുന്നത് എന്നാണവർ ചിന്തിക്കുന്നത്. ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമല്ല.
ഇത് എല്ലാവർക്കും കിട്ടുന്ന ഒരു അനുഭവവും അല്ല. എല്ലാവരും ഒരേ ഫ്രീക്വൻസിയില്‍ അല്ല. നമ്മളിത് എല്ലാവർക്കും മനസിലാകും എന്ന് വിചാരിച്ചിട്ടുമല്ല പറയുന്നതും. ഇവർക്ക് വട്ടാണ് എന്ന് പറയുന്ന ഒരാളുടെ സ്റ്റാൻഡേർഡ് എന്താണ്. അയാളുടെ ലെവല്‍ എന്താണ്. എത്ര നിലവാരമുള്ള ആളാണ് വേറൊരാളെ അടച്ചാക്ഷേപിക്കുക. നമുക്ക് ഒരു കാര്യം മനസിലായില്ലെങ്കില്‍ ആ പറഞ്ഞയാള്‍ക്ക് വട്ടാണെന്ന് പറയേണ്ട കാര്യമെന്താണ്.
അത് ഇയാള്‍ക്ക് എന്നും കൂടിയല്ല, അവള്‍ക്ക് വട്ടാണ് എന്നാണ്. സ്റ്റാൻഡേർഡ് കുറഞ്ഞ ഒരാളാണ് ആ കമന്റ് ഇട്ടിരിക്കുന്നതെന്ന് അതില്‍ തന്നെ മനസിലാക്കാം. അതുകൊണ്ട് നമ്മളെന്തിന് അതില്‍ ബോധവാൻമാരാകണം. അയാള്‍ അയാളുടെ നിലവാരം കാണിക്കുന്നു. അയാളുടെ എന്നെക്കുറിച്ചുള്ള അഭിപ്രായത്തില്‍ നിന്നല്ലല്ലോ ഞാൻ ജീവിക്കുന്നത്. നമ്മളിത് എല്ലാവർക്കും വേണ്ടിയിട്ടല്ല പറയുന്നത്.
പക്ഷേ ഇന്റർനെറ്റ് ഒരു പൊതുമേഖലയായി പോയി. നമുക്കിപ്പോള്‍ ഒരു ബുക്ക് ഇറക്കുമ്പോള്‍ പൊതുവേ മാർക്കറ്റിലേക്ക് ഇറക്കാൻ അല്ലേ പറ്റുകയുള്ളൂ. അത് ആവശ്യമുള്ളവരെടുക്കും. അത് മനസിലാകാത്തവർ വിട്ടേക്കുക. അവർ അത് മൈൻഡ് ചെയ്യണ്ട.
എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കില്‍ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണം, ഒരു വ്യക്തിയെന്ന നിലയില്‍. അപ്പോള്‍ ഇമെച്വർ ആയിട്ടുള്ള ആളുകള്‍ പറയുന്നത് കേട്ട് നമ്മള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല...’’ ലെന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്പിരിച്വാലിറ്റിയെക്കുറിച്ച് തുറന്നു പറഞ്ഞും അതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടും നില്‍ക്കുന്ന സമയത്താണ് ലെന പ്രശാന്ത് ബാലകൃഷ്ണൻ നായരെ പരിചയപ്പെടുന്നത്. ഒന്നര വര്‍ഷം മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെ ലെന വിവാഹം ചെയ്തു. തനിക്കേറെ ട്രോളുകളും പരിഹാസങ്ങളും വന്ന, വൈറലായ അഭിമുഖങ്ങള്‍ കണ്ടാണ് പ്രശാന്ത് പരിചയപ്പെടാന്‍ തയ്യാറായതെന്ന് ലെന മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങളും വീഡിയോകളും വൈറലായി മാറിയിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, രണ്ടാം ഭാവം, സ്‌നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്‌ദീൻ, വെള്ളിമൂങ്ങ തുടങ്ങീ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ലെനയ്ക്ക് കഴിഞ്ഞു. സിനിമയ്ക്കൊപ്പം തന്നെ ഒരുകാലത്ത് ടെലിവിഷൻ സീരിയലുകളിലും ലെന സജീവമായിരുന്നു. മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ വിവാഹം ചെയ്ത ലെന പിന്നീട് ആ ബന്ധം വേർപെടുത്തി. ശേഷം ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെന പ്രശാന്തിനെ വിവാഹം ചെയ്തത്. എഴുത്തുകാരി കൂടിയായ ലെന രണ്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആത്മീയതയും സ്വയം കണ്ടെത്തലും പ്രതിപാദിക്കുന്ന ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’, സ്ത്രീകളുടെ ആർത്തവവിരാമത്തെയും ഹോർമോൺ മാറ്റങ്ങളെയും കുറിച്ചുള്ള വിമണ്‍ ഒ- പോസ് എന്ന പുസ്തകവും ലെനയുടേതാണ്.






