
രണ്ട് പതിറ്റാണ്ടോളമായി തന്റെ സൗന്ദര്യം കൊണ്ടും മികച്ച അഭിനയം കൊണ്ടും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകരുടെ പ്രിയങ്കരിയായി തിളങ്ങിനിൽക്കുന്ന മുൻനിര നായികയാണ് കാജൽ അഗർവാൾ. തമിഴിലും തെലുങ്കിലും മാത്രമല്ല ഹിന്ദിയിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം തന്റെ കരിയറും വ്യക്തിജീവിതവും ഒരുപോലെ ബാലന്‍സ് ചെയ്തു പോകുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. പ്രായം 40 ആയിട്ടും താരത്തിന്റെ സൗന്ദര്യത്തിനും യൗവനത്തിനും ഒരു കുറവും വന്നിട്ടില്ല. ഇന്നും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം തന്റെ കരിയറില്‍ ചില അതിര്‍വരമ്പുകള്‍ വച്ചാണ് അഭിനയിക്കാറുള്ളതെന്ന് മുന്‍പുള്ള അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കരിയറില്‍ താന്‍ വച്ചിരിക്കുന്ന വ്യക്തിപരമായ അതിര്‍വരമ്പുകളെക്കുറിച്ചും കാജല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സൈബറിടത്ത് വൈറലായി മാറുകയാണ്. ഇക്കഴിഞ്ഞ ദിവസം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി’ലെ ഒരു ഗാനരംഗത്തുള്ള കിയാരയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് കാജലിന്റെ പഴയ അഭിമുഖം വൈറലാകാനുള്ള കാരണം. ബിക്കിനി രംഗങ്ങളില്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലെന്നും വളരെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യേണ്ടി വന്നാല്‍ ആ സിനിമയോട് ‘നോ’ പറയാറുണ്ടെന്നുമാണ് കാജല്‍ പറഞ്ഞത്.
‘‘എനിക്ക് ബിക്കിനി സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല. അത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്, സ്ക്രീനിൽ അത് പ്രദർശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല. വളരെ ഇന്റിമേറ്റ് ആയ രംഗങ്ങൾ ചെയ്യുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം വ്യക്തിപരമായി ഞാൻ ലക്ഷ്മണരേഖ വരയ്ക്കുന്നത് അവിടെയാണ്. അതുകൊണ്ട് എനിക്ക് എന്റേതായ വ്യക്തിപരമായ അതിർവരമ്പുകളുണ്ട്. ഞാൻ അതിനെ ബഹുമാനിക്കുകയും അതിനോട് വിശ്വസ്തത പുലർത്തുകയും ചെയ്യാറുണ്ട്. നിങ്ങളോട് തന്നെ നിങ്ങൾ വിശ്വസ്തത പുലർത്തുകയും നിങ്ങളുടേതായ രീതിയിൽ ജീവിക്കുകയും ചെയ്യുന്നിടത്തോളം കാലം, അതുമാത്രമേ പ്രധാനമായിട്ടുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. ഒട്ടും കംഫർട്ടബിൾ അല്ല എങ്കിൽ, ‘എനിക്ക് ഇതിൽ ഒരു ഭാഗമാകാൻ കഴിയില്ല, എന്നോട് ക്ഷമിക്കണം’ എന്ന് ഞാൻ പറയും. അത് എത്ര വലിയ സിനിമയാണെങ്കിലും, എത്ര പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും, എവിടെയെങ്കിലും നമ്മൾ ഒരു അതിർവരമ്പ് വരയ്ക്കണം. നമുക്ക് നമ്മുടെ ഉള്ളിൽ നിന്നു തന്നെയുള്ള ഒരു ഫിൽട്ടർ ഉണ്ടായിരിക്കണം...’’ എന്നാണ് കാജല്‍ പറഞ്ഞത്. കാജലിന്റെ ഈ അഭിമുഖം കിയാരയുടെ ഗാനരംഗവുമായി കൂട്ടിവായിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചുംബന, ബിക്കിനി രംഗങ്ങളെക്കുറിച്ച് കാജലും സായ് പല്ലവിയും പറഞ്ഞ നിലപാടുകളാണ് കൂടുതല്‍ പേരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
🚨 Kiara Advani should learn something from Kajal Aggarwal:
I wasn't comfortable with bikini scenes. I believe that's something private, and I'm not okay with displaying it on screen. I also wasn't comfortable doing very intimate scenes because that's where I personally drew the… pic.twitter.com/qNkbHnKYsK— TEJASH 🚩 (@LoyleRohitFan) July 9, 2026
യഷിന്റെയും കിയാരയുടെയും തീവ്രമായ പ്രണയരംഗങ്ങൾ ഉള്‍പ്പെടുന്നതാണ് ‘ടോക്‌സിക്കി’ലെ ‘തബാഹി’ എന്ന ഗാനം. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവന്നെങ്കിലും ചിത്രത്തിന്റെ റിലീസ് അടുത്തപ്പോഴാണ് വീഡിയോ സോങ് റിലീസ് ചെയ്തത്. യഷും കിയാരയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ഈ ഗാനത്തിന്റെ പ്രത്യേകത. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെ ആരംഭിക്കുന്നതാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം. റെട്രോ ശൈലിയിലുള്ള പശ്ചാത്തലത്തിൽ വിന്റേജ് കാറുകളും മറ്റും ഉൾപ്പെടുത്തിയ ഗാനരംഗത്തില്‍ റഗ്ഗ്ഡ് ലുക്കിലാണ് യഷ് എത്തുന്നത്. കിയാരയാകട്ടെ ക്ലാസിക് യൂറോപ്യൻ ശൈലിയിലാണ് ഗാനത്തില്‍ എത്തുന്നത്. ഗാനരംഗത്തില്‍ നയൻതാര, താര സുതാരിയ എന്നിവരും വന്നുപോകുന്നുണ്ട്.






