
കഴിഞ്ഞ ദിവസമായിരുന്നു നിര്‍മാതാവ് ബോണി കപൂറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അന്‍ഷുല കപൂറിന്റെ വിവാഹം. രോഹന്‍ താക്കറാണ് വരന്‍. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.
ഇപ്പോഴിതാ, നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോണി കപൂര്‍. ഒരുമിച്ച് പുതിയൊരു ജീവിതം ആരംഭിക്കാന്‍ പോകുന്ന ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് വിവാഹത്തിന് മുന്‍പാണ് പ്രധാനമന്ത്രി ഈ ആശംസ കത്ത് അയച്ചത്. പ്രധാനമന്ത്രിയുടെ അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും ബോണി കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചു.
'ഞങ്ങളുടെ പ്രചോദനവും ബഹുമാന്യനുമായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക്, അന്‍ഷുലയുടെയും രോഹന്റെയും ശുഭകരമായ ഈ വിവാഹവേളയില്‍ നല്‍കിയ ഊഷ്മളമായ ആശംസകള്‍ക്കും അങ്ങേയറ്റം ദയാപൂര്‍വ്വമായ അനുഗ്രഹങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അങ്ങയുടെ കാരുണ്യം നിറഞ്ഞ അനുഗ്രഹങ്ങള്‍ പുതുദമ്പതികള്‍ക്കും മുഴുവന്‍ കപൂര്‍ കുടുംബത്തിനും ഈ സന്തോഷ നിമിഷം കൂടുതല്‍ സവിശേഷവും അവിസ്മരണീയവുമാക്കി മാറ്റിയിരിക്കുന്നു. അങ്ങയുടെ ദയയില്‍ ഞങ്ങള്‍ അത്യധികം കൃതജ്ഞതയുള്ളവരാണ്. അങ്ങയുടെ വ്യക്തിപരമായ സ്‌നേഹാനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ വിനയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു സാര്‍' , എന്നാണ് ബോണി കപൂര്‍ കുറിച്ചത്.






