
ഇപ്പോള്‍ വിജയ്സേതുപതിയുടെ സമയമാണെന്ന് വേണം പറയാന്‍. കാവന്റെയും വിക്രം വേദയുടെയും വിജയത്തിന് പിന്നാലെ താരം കാളയോട്ടക്കാരനാകുന്ന ഏറെ പ്രതീക്ഷയുള്ള കറുപ്പന് വേണ്ടി കാത്തിരിക്കുകയാണ്. മണിരത്നത്തിന്റെ പേരിടാത്ത ചിത്രം വേറെയും. എന്നാല്‍ എല്ലാറ്റിനുമപ്പുറത്ത് താരം ആരാധകരെ ഞെട്ടിക്കാന്‍ പോകുകയാണെന്നതാണ് ഏറ്റവും പുതിയ വിവരം. ആരണ്യകാണ്ഡം ഫെയിം ത്യാഗരാജന് കുമാരരാജയുടെ അടുത്ത ചിത്രം സൂപ്പര്ഡീലക്സില് വിജയ് സേതുപതി ഒരു ഭിന്നലിംഗക്കാരിയെ അവതരിപ്പിക്കാനൊരുങ്ങുന്നെന്നതാണ് ഏറ്റവും പുതിയ വിവരം.
മുമ്പ് അനീതി കരങ്ങള്‍ എന്ന് പേരിട്ടിരുന്ന ചിത്രം ജ്യോതിഷപ്രകാരമാണ് പേരു മാറ്റുന്നത്. സിനിമയില്‍ വിജയ് ചെയ്യുന്ന ട്രാന്സ്ജന്ഡര് ലുക്ക് അണിയറക്കാര്‍ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ചുവപ്പ് സാരിയില്‍ കൂളിംഗ് ഗ്ളാസും വെച്ച് സിനിമയില്‍ വിജയ് ചെയ്യുന്ന ശില്‍പ്പ് എന്ന കഥാപാത്രമായുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതാണ്. സിനിമയില്‍ വിജയ് യ്ക്കൊപ്പം മലയാളികളുടെ സ്വന്തം താരം ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. സാമന്തയാണ് നായിക. നദിയയും ഗായത്രിയും സിനിമയിലുണ്ട്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
ഡിസംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയ്ക്കായി മിഷ്കിന്, നളന് കുമാരസ്വാമി, നീലന്ശങ്കര് എന്നിവര്‍ ചേര്‍ന്നാണ് കഥയെഴുതിയിരിക്കുന്നത്. നാലു സംവിധായകര്‍ ഒരു സിനിമയുടെ അണിയറയില്‍ കൈക്കോര്‍ക്കുന്നതും തമിഴ് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. യുവാന്‍ ശങ്കര്‍രാജയുടെ മടങ്ങിവരവാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.






