
കൊച്ചി: വിഴിഞ്ഞം കരാറില്‍ സംശയമുന്നയിച്ച് ഹൈക്കോടതി. വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരാര്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ വാണിജ്യ നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിക്കണം. എന്തിനാണ് ഏകപക്ഷീയമായ ഇത്തരമൊരു കരാര്‍ ഒപ്പിട്ടതെന്നും ഹൈക്കോടതി ചോദിച്ചു.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എന്‍.കെ സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. വിഴിഞ്ഞം കരാര്‍ കൊണ്ട് ആദ്യത്തെ നാല്‍പ്പത് വര്‍ഷം സംസ്ഥാനത്തിന് കാര്യമായ ഗുണമില്ല. കേരളത്തിന്റെ ഭാവി തുലാസിലാക്കുന്ന കരാറാണ് ഇതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന സിഎജിയുടെ കണ്ടെത്തലിനെക്കുറിച്ച് കമ്മീഷനെ വച്ച് അന്വേഷിച്ച സംസ്ഥാന സര്‍ക്കാര്‍, കമ്മീഷന് റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കണം. ഇതേക്കുറിച്ച് ഈ മാസം 25ന് മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.







Comments