
ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എം.പിമാരുടെ യോഗത്തിലാണ് തീരുമാനം.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽനിന്ന് അകലം പാലിക്കാനും ഡി.എം.കെ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, എസ്.ഐ.ആർ റദ്ദാക്കുക, ബാലറ്റ് പേപ്പർ സമ്പ്രദായം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ഉന്നയിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിൽ കോൺഗ്രസും ഭരണകക്ഷിയായ ടി.വി.കെയും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ഡി.എം.കെ ആരോപിച്ചു.
ചെന്നൈയിൽ എസ്.ഐ.ആറിനെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തശേഷം ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ കനിമൊഴി കരുണാനിധിയും യുവാക്കൾക്കൊപ്പം ഡി.എം.കെ നിലകൊള്ളുമെന്ന് വ്യക്തമാക്കി.







Comments