
തിരുവനന്തപുരം: മതിയായ രോഗികളുടെയും പണത്തിന്റെ അഭാവം നിമിത്തം കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ചിലത് വില്‍പ്പനയ്ക്ക്. ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എംബിബിഎസ് സീറ്റിനായി വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുമ്പോള്‍ ഒരു മെഡിക്കല്‍ കോളേജ് വില്‍ക്കുന്നതിന് വേണ്ടിയുള്ള പരസ്യം ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു. ഇതിനൊപ്പം മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകള്‍ കൂടി സമാനഗതിയിലാണെന്ന് നല്കിയ പരസ്യത്തിന്റെ ചിത്രം സഹിതം ഒരു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ രണ്ടെണ്ണത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ക്ക് എട്ടുമാസമായി ശമ്പളം പോലും കുടിശ്ശികയാണ്. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനാല്‍ തലവരിപ്പണത്തിന് പുറമേ രോഗികള്‍ കൂടി കുറഞ്ഞതോടെ നടത്തിക്കൊണ്ടു പോകാന്‍ തീരെ കഴിയാത്ത നിലയിലാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികളുടെ എണ്ണം ഉള്‍പ്പെടെ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം പാലിക്കാത്ത ഇത്തരത്തില്‍ അനേകം മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യമേഖലയില്‍ ആവശ്യമില്ല. മിക്കയിടത്തും രോഗികള്‍ വേണ്ടവണ്ണമില്ല എന്നതാണ് ഇത് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നു.
ഓടിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ വില്ക്കാന് വെച്ചിരിക്കുന്നത് തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളാണെന്നാണ് വിവരം. കഴിഞ്ഞ എട്ടുമാസമായി ശമ്പളം കിട്ടാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ മാനേജ്മെന്റിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ശമ്പളം കിട്ടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ഡോക്ടര്‍മാര്‍ ഇവിടെ നിന്നും ഓടുകയാണ്.
മാനദണ്ഡങ്ങളെല്ലാം പാലിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായാല്‍ മാത്രമേ മെഡിക്കല്‍ കോളേജിന് സാധാരണഗതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കാറുള്ളൂ. എന്നാല്‍ നന്നായി നടക്കുന്ന ഒരു ആശുപത്രി പോലും ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ സൗകര്യങ്ങളുടെ കുറവ്. പല ഡിപ്പാര്‍ട്ട്മെന്റുകളിലും മതിയായ രോഗികള്‍ എത്തുന്നില്ലെന്നുമാണ് കേരളാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനില്‍ പെട്ട വിദഗദ്ധര്‍ പറഞ്ഞിരിക്കുന്നത്്. ഇതിനൊപ്പം ഒരു വര്‍ഷത്തെ പഠനത്തിന് തന്നെ 5.5 ലക്ഷം ഫീസായി കെട്ടണമെന്നത് ഉള്‍പ്പെടെയുള്ള എംബിബിഎസ് പ്രവേശനത്തിനായി അവതരിപ്പിക്കപ്പെട്ട പുതിയ നിയമങ്ങളും വന്‍ പ്രതിസന്ധിയിലേക്കാണ് ഈ മെഡിക്കല്‍ കോളേജുകളെ നയിച്ചിരിക്കുന്നത്.
ഇതെല്ലാം ഈ മെഡിക്കല്‍ കോളേജുകളുടെ വരുമാനത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെയാണ് മെഡിക്കല്‍ കോളേജ് വില്ക്കാന് ഉടമ പത്രത്തില്‍ പരസ്യം നല്കാന് കാരണമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നില നിര്‍ത്താന്‍ തട്ടിപ്പ് നടത്തുകയാണ്. തലയെണ്ണലിന് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അന്യ സംസ്ഥാനത്തു നിന്നും ഡോക്ടര്‍മാരെയും രോഗികളെ കാണിക്കാനായി സമീപത്തെ ചെറുകിട ആശുപത്രികളില്‍ നിന്നും വാടകയ്ക്ക് കൊണ്ടുവന്നുമാണ് പ്രശ്നം പരിഹരിക്കുന്നത്.






