
ചെന്നൈ: തമിഴ്നാട്ടിലെ ഒരു സർക്കാർ സ്കൂളിൽ സ്കൂൾ സമയത്ത് മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗം വിദ്യാർത്ഥികൾക്ക് തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തിൽ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്.
കരൂർ ജില്ലയിലെ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ്. മല്ലികയ്ക്കെതിരെയാണ് നടപടി. മുഖ്യമന്ത്രി കരൂരിൽ നടത്തിയ പ്രസംഗം സ്കൂൾ സമയത്ത് വിദ്യാർത്ഥികൾക്ക് കാണിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സംഭവം വിവാദമായിരുന്നു.
സംഭവത്തെ തുടർന്ന് അന്വേഷണം നടത്തിയ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, പ്രസംഗം ലൈവ് സ്ട്രീം ചെയ്യാൻ ഹെഡ്മിസ്ട്രസ് സ്വമേധയാ തീരുമാനിച്ചതാണെന്ന് കണ്ടെത്തിയതായി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ലംഘിക്കുകയും ഔദ്യോഗിക കൃത്യവിലോപം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഹെഡ്മിസ്ട്രസിനെതിരെ അച്ചടക്ക നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നുവെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ എക്സിലൂടെ അറിയിച്ചു. സമാനമായ മറ്റൊരു സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളിൽ രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകരുടെ പ്രവേശനത്തിനുമെതിരെ വകുപ്പ് നേരത്തേ തന്നെ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അതിനിടെയാണ് സർക്കാർ സ്കൂളിൽ മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്ത സംഭവം വിവാദമവയത്.






