
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ ചിത്രമാണ് 'രാമലീല'. 15 കോടി മുടക്കില്‍ ഏറെ പ്രതീക്ഷകളോടെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നെടുത്ത സിനിമ റിലീസ് ചെയ്യാനാവാതെ നീണ്ടു പോവുകയായിരുന്നു. ജൂലൈ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം രണ്ടു മാസം വൈകി സെപ്റ്റംബര്‍ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടം തീയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
പ്രതിഷേധം ഭയന്ന് തീയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. 15 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു കോടി രൂപ പ്രമോഷനു വേണ്ടിയും ചിലവായി. രണ്ടു മാസമായിട്ടും കേസില്‍ കാര്യമായ പുരോഗതിയില്ല. കേസുമായി സിനിമയ്ക്ക് ബന്ധമില്ല. സിനിമാ മേഖലയുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി. സംരക്ഷണം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കോടതി അപേക്ഷ തള്ളുകയായിരുന്നു.






